ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ കരിയറിനെ ബാധിച്ചേക്കാം: സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നും, ഇത് തൊഴിലുടമകൾ സ്ത്രീകളെ നിയമിക്കാൻ മടിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ആർത്തവ അവധി നിയമം വഴി നിർബന്ധമാക്കിയാൽ, സർക്കാർ-സ്വകാര്യ മേഖലകളിലും ജുഡീഷ്യറിയിലും സ്ത്രീകളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകൾ പിന്മാറാൻ സാധ്യതയുണ്ടെന്നും ഇത് സ്ത്രീകളുടെ കരിയർ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച തീരുമാനം സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഉചിതമായ നയം രൂപീകരിക്കുന്നതിനായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചു.

ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകൾ ശാരീരികമായി ദുർബലരാണെന്ന തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്നും, ഇത് ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തിയേക്കാമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.ചില സ്വകാര്യ കമ്പനികൾ സ്വമേധയാ ആർത്തവ അവധി നൽകുന്നതിനെ കോടതി സ്വാഗതം ചെയ്തു. എന്നാൽ, നിയമം വഴി അത് അടിച്ചേൽപ്പിക്കുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *