കൊടും മാവോയിസ്റ്റ് വികാസ് നാഗ്പുരെയും സംഘവും കീഴടങ്ങി, ഗഡ്ചിറോളിയില്‍ കീഴടങ്ങല്‍, പത്ത് അനുയായികളും ഒപ്പം

മുംബൈ: നവജ്യോത്, ആനന്ദ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് വികാസ് നാഗ്പുരെ തന്റെ സംഘാംഗങ്ങളായ പത്തു പേര്‍ക്കൊപ്പം മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് മാവോയിസ്റ്റ് മേഖലകളുടെ വക്താവ് എന്ന നിലയില്‍ വളരെ ഉന്നതമായ സ്ഥാനമാണ് മാവോയിസ്റ്റ് ദളങ്ങള്‍ക്കിടയില്‍ വികാസ് നാഗ്പുരെയ്ക്കുള്ളത്.

കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അടുത്തയിടെയാണ് നാഗ്പുരെ ഗഡ്ചിറോളി പോലീസ് അധികൃതരെ സമീപിക്കുന്നത്. മുഴുവന്‍ അണികള്‍ക്കുമൊപ്പം അടുത്ത മാസം കീഴടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അതുവരെ കാത്തു നില്‍ക്കേണ്ടെന്നും നിലവില്‍ ഒപ്പമുള്ളവരെയും കൂടെ കൂട്ടി കീഴടങ്ങാനും ഗഡ്ചിറോളി റേഞ്ച് ഡിഐജി അങ്കിത് ഗോയലാണ് നിര്‍ദേശിച്ചത്. അത് അനുസരിച്ചാണ് നാഗ്പുരെയും സംഘവും ഇന്നലെ കീഴടങ്ങിയിരിക്കുന്നത്. ഇതേ മാവോയിസ്റ്റ് മേഖലയിലെ മറ്റൊരു പ്രമുഖ നേതാവ് രാംധറും അനുയായികള്‍ക്കൊപ്പം കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നു വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ അതിശക്തമായി മാവോയിസ്റ്റ് വേട്ട ആരംഭിച്ചതോടെയാണ് ഇവര്‍ കൂട്ടത്തോടെ കീഴടങ്ങാന്‍ തയാറാകുന്നതെന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *