മുംബൈ: എട്ടു മാസം കൊണ്ട് ഒരു കഴുകന്‍ എത്ര ദൂരം പറക്കും. ഇതാ മാരീച് എന്ന യൂറേഷ്യന്‍ ഗ്രിഫിന്‍ കഴുകന്റെ കഥ. കഴിഞ്ഞ മാര്‍ച്ച് 29ന് മധ്യപ്രദേശില്‍ നിന്ന് പറക്കാനാരംഭിച്ച കഴുകന്‍ കഴിഞ്ഞ ദിവസം തിരികെ മധ്യപ്രദേശിലെത്തിയിരിക്കുന്നത് പതിനയ്യായിരത്തിനു മേല്‍ കിലോമീറ്റര്‍ പറന്നതിനു ശേഷം. അതായത് കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് അഞ്ചു തവണ സഞ്ചരിക്കുന്നത്ര കിലോമീറ്റര്‍. അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലേക്കു സഞ്ചരിക്കുന്ന ദൂരം. ഇതിനിടയില്‍ ഈ കഴുകന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന# എന്നീ രാജ്യങ്ങളില്‍ പറന്നെത്തുകയും കുറേക്കാലം വീതം ചെലവഴിക്കുകയും ചെയ്തു.
മാരീചിന്റെ കഥ ഇങ്ങനെ. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ നാഗൗര്‍ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് പരിക്കേറ്റ് അവശ നിലയില്‍ ഈ യുറേഷ്യന്‍ ഗ്രിഫിന്‍ കഴുകനെ കണ്ടെത്തുന്നത്. വനപാലകര്‍ അതിനെ പിടിച്ചെടുത്ത് മുകുന്ദ്പൂര്‍ മൃഗശാലയില്‍ വൈദ്യസഹായം നല്‍കിയ ശേഷം മാരീച് എന്നു പേരും നല്‍കി. ആരോഗ്യം വീണ്ടെടുക്കുന്നതു വരെ ഭോപ്പാലിലെ വന്‍വിഹാര്‍ ദേശീയോദ്യാനത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. അതിനു ശേഷം ട്രാക്കിങ് ഉപകരണങ്ങള്‍ ഇതിന്റെ ശരീരത്തില്‍ ഘടിപ്പിച്ച് തുറന്നു വിട്ടു. അന്നുമുതല്‍ ഇതുവരെ ഈ പക്ഷി പറന്ന സഞ്ചാരപഥം മുഴുവന്‍ ഗവേഷകര്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം കഴിഞ്ഞ ദിവസം ഇതു പുറപ്പെട്ട സ്ഥലത്തു തന്നെ മടങ്ങിയെത്തുകയും ചെയ്തു. അതോടെയാണ് മൊത്തം സഞ്ചാരപഥവും സഞ്ചാര ദൈര്‍ഘ്യവും മനസിലാക്കാനായത്.

