അനവധി വര്‍ഷത്തെ പ്രവാസ ജീവിതത്തിന്നൊടുവില്‍ ഞാന്‍ ഗള്‍ഫ് ഉപേക്ഷിച്ചു പോന്നു.എന്നിട്ടും ഗള്‍ഫിനെ പറ്റി ഇപ്പോഴും ഞാന്‍ നന്ദിയോടെ ഓര്‍ക്കാറുണ്ട്. ദാരിദ്ര നാരായണനായ ഞാന്‍ ഈ നിലയില്‍ പട്ടിണി കൂടാതെ ജീവിക്കാനും മൂന്ന് പെണ്‍മക്കളെ വിവാഹം കഴിച്ചു കൊടുക്കാനും ഒരു ചെറിയ വീട് ഉണ്ടാക്കാനും കഴിഞ്ഞത് ഈ ഗള്‍ഫ് കാരണമാണെന്ന് ഞാന്‍ എപ്പോഴും ഓര്‍ക്കും.
വയസ്സായെങ്കിലും വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്തത്‌കൊണ്ട് എന്തെങ്കിലും കച്ചവടം ചെയ്തു ജീവിക്കാമെന്ന് കരുതി.ഗ്രാമത്തിലുള്ള ഒരു കെട്ടിടത്തില്‍ നല്ലൊരു സംഖ്യ പകിടി കൊടുത്ത് ഒരു റൂം തരപ്പെടുത്തി. ഒരാള്‍ നടത്തിയിരുന്ന പച്ചക്കറിക്കട ഉപകരണങ്ങളടക്കം വാങ്ങി. കച്ചവടം തുടങ്ങി.സമരങ്ങള്‍, ഹര്‍ത്താല്‍ തുടങ്ങിയവയുള്ള ദിവസം കട അടച്ചിടുന്നത് കൊണ്ട് സാധനങ്ങള്‍ ചീത്തയായി പോകുന്നത് കൊണ്ട് നഷ്ടങ്ങള്‍ വരാറുണ്ട്.
കട തുടങ്ങിയിട്ട് ആറേഴ് മാസമായി. ഒരു ദിവസം കുറച്ചാളുകള്‍ കടയില്‍ വന്ന് അളവ് തൂക്ക മെഷീന്‍ പരിശോധിക്കാന്‍ വന്നവരാണെന്ന് പരിചയപ്പെടുത്തിയിട്ട് ചോദിച്ചു.. ‘ആരാണീ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍?’
ഞാനാണെന്ന് പറഞ്ഞു.പേര് ചോദിച്ചപ്പോള്‍ ഞാന്‍ പേര് പറഞ്ഞു കൊടുത്തു.
അവര്‍ മെഷീന്‍ പരിശോധിച്ചിട്ട് പറഞ്ഞു ‘നോക്കൂ, വാസുദേവന്‍ ഈ മെഷീന്‍ കേടാണ്. സീല്‍ വെപ്പിച്ചിട്ടുമില്ല. അതിനാല്‍ നിങ്ങള്‍ ഫൈന്‍ അടക്കേണ്ടി വരും.’
ഗുരുവായൂരപ്പനാണെ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പക്ഷെ അതൊന്നും അവരോട് പറഞിട്ട് കാര്യമില്ല. അടക്കേണ്ട പിഴ അടച്ചു.
വെയില്‍ നേരിട്ട് കടയിലേക്ക് അടിക്കുന്നത് കൊണ്ട് പച്ചക്കറികള്‍ ചീഞ്ഞു പോകുന്നു. അതിന്നൊരു പരിഹാരമായി കടയുടെ മുന്നില്‍ ചെറുതായി ഒരു ടാര്‍പോളിന്‍ പന്തല്‍ കെട്ടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പഞ്ചായത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ വന്ന് ആ പന്തല്‍ പൊളിച്ചു മാറ്റാന്‍ പറഞ്ഞു. വഴി നടക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാണ് എന്നതാണത്രേ കാരണം. അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാത്തത് കൊണ്ട് അത് പൊളിച്ചു മാറ്റി.
വീണ്ടും വെയിലിന്റെ കാഠിന്യം കാരണം പച്ചക്കറികളെല്ലാം കേട് വരുന്നത് കൊണ്ട് കച്ചവടം നഷ്ടമായി. ഞാനാ കച്ചവടം നിറുത്തി.അതേ കടയില്‍ ഞാനൊരു പലചരക്ക് കച്ചവടം തുടങ്ങി. കച്ചവടം പൊടിപൊടിച്ചു. ഗ്രാമത്തിലായത് കൊണ്ട് എല്ലാവരും പരിചയക്കാരാണ്. ഭൂരിപക്ഷം കച്ചവടവും കടമാണ്. ഒരു പാട് പേര് കടം വെച്ചവര്‍ പൈസ തരാനുമുണ്ട്. ചോദിച്ചാല്‍ കടം വെച്ചത് തരില്ലെന്ന് മാത്രമല്ല, പിന്നെ ഇങ്ങോട്ട് വരികയുമില്ല. സഹിക്കുക തന്നെ.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സൈല്‍സ് ടാക്‌സ് ഓഫീസില്‍ നിന്ന് പരിശോധനക്ക് വന്നു. രെജിസ്‌ട്രേഷന്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. അത് എടുക്കുകയും ചെയ്തു. പിന്നീടാണ് ലേബര്‍ വകുപ്പില്‍ നിന്നും ഇതേ പോലെ പരിശോധനക്ക് വന്നിട്ട് ലൈസെന്‍സ് എടുക്കാന്‍ പറഞ്ഞത്.മറ്റാരും ഇല്ലാതെ ഞാന്‍ തനിച്ചാണല്ലോ കച്ചവടം നടത്തുന്നത് എന്ന് ഭവ്യതയോടെ ചോദിച്ചപ്പോളും ലൈസെന്‍സ് വേണമെന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ മറുപടി. തിരുവായ്ക്ക് എതിര്‍വാ ഇല്ലല്ലോ? അതും അനുസരിച്ചു.
ഒരു ദിവസം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വന്ന് പരിശോധിച്ചിട്ട് പറഞ്ഞു. ‘വാസുദേവന്‍ ഈ മുളക് പൊടിയില്‍ മായം ചേര്‍ത്തിയിട്ടുണ്ട്. അത് വലിയ ശിക്ഷയും പിഴയുമുള്ള കാര്യമാണ്’.
‘സാര്‍, അത് ഞാന്‍ പൊടിക്കുന്നതല്ല. ഞാന്‍ വാങ്ങിയ സ്ഥലം പറയാം’ ഞാന്‍ ഭവ്യതയോടെ പറഞ്ഞു.
‘അതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ട.ഞങ്ങളുടെ നിയമപ്രകാരം ഷോപ്പുകാരാണ് കുറ്റക്കാര്‍’ അദ്ധേഹത്തിന്റെ മറുപടിയില്‍ ഒരു ദയയും കണ്ടില്ല.
പിന്നെയും ശിക്ഷയെപറ്റിയൊക്കെ അദ്ദേഹവും മറ്റ് ഉദ്യോഗസ്ഥന്മാരും പറഞ്ഞു കൊണ്ടിരുന്നു.ഞാനാകെ ഭയപ്പെട്ടു.അപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ എ ന്നോട് രഹസ്യമായി പറഞ്ഞു. ‘ കുറച്ച് പൈസ കൊടുത്താല്‍ നമുക്കീ പ്രശ്‌നം ക്ലിയര്‍ ആക്കാം’.
ഞാനെന്താണീ കേള്‍ക്കുന്നത്? ഗാന്ധിജിയുടെ നാട്ടില്‍ ഗാന്ധിയനായ ഞാന്‍ കൈക്കൂലി കൊടുക്കേ … ആലോചിക്കാന്‍ വയ്യ.
‘നോക്കൂ ഞാനൊരു ഗാന്ധിയാണ്. കൈക്കൂലി കൊടുക്കില്ല, മറ്റ് ഒരു വഞ്ചനയും ചെയ്യില്ല’ ഞാനെന്റെ പോളിസി പറഞ്ഞു
‘ഞങ്ങളും ആവശ്യപ്പെട്ടത് ഗാന്ധിജിയുടെ പടമുള്ള നോട്ട് ആണ്’.നിസ്സാരഭാവത്തില്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഞാന്‍ അതിന്ന് തയ്യാറായില്ല. ശിക്ഷ ഏറ്റുവാങ്ങി.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കട പൂട്ടി. പൂട്ടിച്ചു എന്ന് പറയുന്നതായിരിക്കും ശെരി.വെറുതെ ഇരിക്കാന്‍ മനസ്സ് വരുന്നില്ല. ഇനി എന്ത് ചെയ്യണമെന്ന് ജബ്ബാറിന്റെ ഉപദേശം തേടി ചെന്നു.
ജബ്ബാറിനോട് എല്ലാ വിവരവും പറഞ്ഞു. ജബ്ബാറിന്റെ ഉപദേശപ്രകാരം മൂന്ന് തട്ട് വണ്ടികള്‍ ഉണ്ടാക്കിച്ചു.വീടിന്റെ മുന്‍ഭാഗത് റോഡിനോട് ചേര്‍ന്ന് മൂന്ന് വണ്ടികള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ വക സ്ഥലത്ത് പകിടിയോ അഡ്വാന്‍സൊ വാടകയോ ഇല്ലാതെ കച്ചവടം ചെയ്യാമെന്ന് ജബ്ബാര്‍ ഉപദേശിച്ചു.ഒരു വണ്ടിയില്‍ പച്ചക്കറികളും മറ്റേതില്‍ ചായക്കടയും ഒടുവിലെത്തേതില്‍ ചെറിയ പലചരക്ക് സാധനങ്ങളും വില്‍ക്കാന്‍ വെച്ചു. പഴയ തൂക്കമെഷീന്‍ തന്നെ ഉപയോഗിച്ചു. സഹായത്തിന്നായി രണ്ട് ബംഗാളികളെ ജോലിക്കെടുത്തു.
ഞങ്ങളുടെ ചുറ്റുമുള്ള പീടികകളുടെ മുന്നോട്ട് ഇറക്കി കെട്ടിയ ട്രസ്സ് പൊതുമരാമാത്തുകാര്‍ പൊളിക്കാന്‍ ആവശ്യപ്പെട്ടു. വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടാണത്രെ. എന്നാല്‍ എന്റെ മൂന്നു തട്ടുകടകളും റോഡിലായിട്ട് പോലും അവര്‍ അത് മാറ്റാന്‍ പറഞ്ഞില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് വകുപ്പില്‍ നിന്ന് പരിശോധിക്കാന്‍ ആളുകള്‍ വന്നു. എന്റെ തട്ടുകടയില്‍ വന്നില്ല.ഞാന്‍ ആലോചിക്കുകയായിരുന്നു, എന്തായിരിക്കും അതിനു കാരണമെന്ന്. അപ്പോഴാണ് ജബ്ബാര്‍ വന്നത്.
ഞാന്‍ വിവരം ജബ്ബാറിനോട് പറഞ്ഞു.
‘എന്റെ ചായക്കടയില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ തീരെ വൃത്തിയില്ലാത്തവരാണ്. ഗ്ലാസുകള്‍ കഴുകുന്നത് ഒരു ചെറിയ പ്ലാസ്റ്റിക് വട്ടപാത്രത്തില്‍ വൃത്തിയല്ലാത്ത വെള്ളത്തിലാണ്, വടകളും മറ്റും സൂക്ഷിച്ചിരിക്കുന്നത് ഈച്ച അറക്കുന്നിടത്തും. അത് എല്ലാവര്‍ക്കും ഈ ആപ്പീസര്‍മാര്‍ക്കും നേരിട്ട് കാണാം. ഒരു പരാതിയുമില്ല. എന്താണ് കാരണം ജബ്ബാറെ?’
‘ഞാന്‍ അതിന്ന് മറുപടി പറയാം. അതിന്നു മുമ്പ് അങ്ങൊട്ട് ഒന്ന് നോക്കിയേ. അവിടെ തൂക്കമഷീന്‍ പരിശോധിക്കുന്നവര്‍ വരുന്നു.’ ഇതായിരുന്നു ജബ്ബാറിന്റെ മറുപടി.
ഞാനാകെ പേടിച്ചു. അന്ന് പരിശോധിച്ച് കേടാണെന്ന് പറഞ്ഞ മെഷീന്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നല്ലൊരു പിഴ വരും എന്ന് ഉറപ്പാണ്.പക്ഷെ, അവര്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ തട്ടുകടയുടെ മുന്നിലൂടെ എതിര്‍ദിശയിലേക്ക് പോയി.
അപ്പൊള്‍ ജബ്ബാര്‍ എന്റെ ചോദ്യത്തിന്നു മറ്റൊരു രീതിയില്‍ മറുപടി തന്നു.
‘വാസുവേട്ടാ, ചേട്ടന്‍ ആദ്യം ഷോപ്പ് വാടകക്കെടുത്തു അതിന് പകിടിയും വാടകയും കൊടുത്തു കച്ചവടം ചെയ്തപ്പോള്‍ സര്‍ക്കാരിലേക്ക് സൈല്‍സ്ടാക്‌സ് അടച്ചു. പക്ഷെ ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടായി.ഒരു പാട് നഷ്ടങ്ങളുണ്ടായി അല്ലെ?’
‘അതെ. പക്ഷെ ഇപ്പോള്‍ ഞാന്‍ ലൈസന്‍സ് എടുക്കുന്നില്ല, ഒരു ടാക്‌സും അടക്കുന്നില്ല, പകിടിയോ വാടകയോ ഇല്ലാതെ സര്‍ക്കാരിന്റെ സ്ഥലത്ത് കച്ചവടം നടത്തുന്നു. ഒരു വകുപ്പുകാരും കട പരിശോധിക്കുകയോ ചെയ്യുന്നില്ല. എന്താണ് കാരണം?’ ഞാന്‍ എന്റെ ചോദ്യം ആവര്‍ത്തിച്ചു.
‘അതാണ് ഞാന്‍ പറഞ്ഞു വരുന്നത്… ചങ്ങമ്പുഴയുടെ കവിത വായിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ താഴെ മേമ്പോടിയില്‍ ചേട്ടന്റെ കഥ എഴുതുന്ന ആള്‍ എഴുതും. അതാണ് അതിന്റെ കാര്യം’ ജബ്ബാര്‍ പറഞ്ഞു നിര്‍ത്തി.
അത്താണ് അത്താണ് കാര്യം.

ഷെരീഫ് ഇബ്രാഹിം, പത്തേമാരി, പഴുവില്‍ (തൃപ്രയാര്‍)
മലയാളിപത്രം നിങ്ങളുടെ കൈവിരല്‍ തുമ്പില്‍ …അതിനായി താഴയെുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് സബ്‌സ്‌ക്രൈബ് ചെയ്യുക
✅മലയാളി പത്രത്തിന്റെ നാലാമന്‍ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാന്‍
https://youtube.com/@nalamanmediahouse?si=2LxTyJuYyIhVBrcq
✅മലയാളി പത്രം ഫേസ് ബുക്ക് ലിങ്ക്
✅മലയാളിപത്രം വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍
https://chat.whatsapp.com/DQGBuc175EG2KUS7yyIxh

