സിഡ്‌നി: സുസ്ഥിരമായ സമുദ്ര പരിപാലനത്തിനായി ഓസ്‌ട്രേലിയൻ ശാസ്ത്രലോകത്തെയും വ്യവസായ പ്രമുഖരെയും ഒന്നിപ്പിക്കുന്ന ‘ഓഷ്യൻ ഇൻ ദി ബോർഡ്രൂം’ (Ocean in the Boardroom) റിപ്പോർട്ട് പുറത്തിറക്കി. സിഡ്‌നിയിലെ അഡ്മിറൽറ്റി ഹൗസിൽ നടന്ന ചടങ്ങിൽ ഗവർണർ ജനറൽ സാം മോസ്റ്റിൻ റിപ്പോർട്ട് പ്രകാശനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഓഷ്യൻ ഡെക്കേഡിന്റെ (UN Ocean Decade) ഭാഗമായി ഓഷ്യൻ ഡെക്കേഡ് ഓസ്‌ട്രേലിയ ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
സമുദ്രസംരക്ഷണം കേവലം ശാസ്ത്രജ്ഞരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, കമ്പനികളുടെ ബോർഡ്രൂമുകളിൽ എടുക്കുന്ന തീരുമാനങ്ങളിൽ സമുദ്രത്തിന്റെ ആരോഗ്യം പരിഗണിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.ഓസ്‌ട്രേലിയയുടെ സമുദ്ര വിഭവങ്ങളെ വരുംതലമുറകൾക്കായി സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള പദ്ധതികൾ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. ശാസ്ത്രജ്ഞർ, ഇന്നൊവേറ്റർമാർ, ഭരണകർത്താക്കൾ എന്നിവരെ ഒരേ വേദിയിൽ കൊണ്ടുവന്ന് സമുദ്രസംരക്ഷണത്തിനായി ശക്തമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കുക.
ഓഷ്യൻ ഡെക്കേഡ് ഓസ്‌ട്രേലിയയുടെ സ്ഥാപകരായ ജാസ് ചേമ്പേഴ്‌സ്, ഡോ. ലൂസി ബക്സ്റ്റൺ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. സമുദ്രത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും ഓസ്‌ട്രേലിയൻ ശാസ്ത്രലോകം നൽകുന്ന സംഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധേയമാണെന്ന് ഗവർണർ ജനറൽ പറഞ്ഞു

