സിഡ്‌നി: ചൈൽഡ് അബ്യൂസ് മെറ്റീരിയലുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പ്രമുഖ ഓസ്‌ട്രേലിയൻ ബാരിസ്റ്റർ മാർക്ക് ഡെന്നിസിനെ (60) സിഡ്‌നിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനുവരിയിൽ കംബോഡിയയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലും ലാപ്‌ടോപ്പിലും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജാമ്യത്തിൽ കഴിയുകയായിരുന്നു ഇയാൾ.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ പ്രതികളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് മാർക്ക് ഡെന്നിസ് തയ്യാറാക്കിയ നിയമപരമായ കുറിപ്പുകൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ‘ഡെഫൻഡിംഗ് ചൈൽഡ് സെക്ഷ്വൽ അസൾട്ട് ഇൻ ലോക്കൽ കോർട്ട്’ എന്ന തലക്കെട്ടിൽ ഇയാൾ തയ്യാറാക്കിയ 21 പേജുള്ള രേഖയിൽ, വിസ്താരവേളയിൽ കുട്ടികളുടെ വിശ്വാസം എങ്ങനെ നേടിയെടുക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കുട്ടികളോട് ചിരിച്ചു സംസാരിക്കണമെന്നും അവരുടെ പേര് നല്ലതാണെന്ന് പറഞ്ഞ് സംഭാഷണം തുടങ്ങണമെന്നും ഇയാൾ തന്റെ ലേഖനത്തിൽ ഉപദേശിക്കുന്നു. കുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം ലളിതമായ ചോദ്യങ്ങളിലൂടെ കേസിലെ പഴുതുകൾ കണ്ടെത്തണമെന്നും ഇയാൾ പ്രതിഭാഗം വക്കീലന്മാർക്ക് നിർദ്ദേശം നൽകുന്നുണ്ട്.
കംബോഡിയയിലെ പിന്നാക്കക്കാരായ യുവാക്കളെ സഹായിക്കുന്നതിനായി 2021-ൽ ‘റീസണബിൾ കോസ്’ (Reasonable Cause Inc) എന്ന പേരിൽ ഇയാൾ ഒരു ചാരിറ്റി സംഘടനയും തുടങ്ങിയിരുന്നു. എന്നാൽ ഇയാളുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ചുവയുള്ള ചാറ്റുകളും ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. കടുത്ത ജാമ്യവ്യവസ്ഥകളിൽ ഇരിക്കെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

