മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. യുഎസ് തീരുവകളെക്കുറിച്ചുള്ള പുതിയ ആശങ്കകളും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതുമാണ് വിപണിയെ ബാധിക്കുന്നത്.
തുടക്കത്തിൽ ഉയർന്ന സെൻസെക്സ് പിന്നീട് 605 പോയിന്റ് (0.72%) താഴ്ന്ന് 83,576ലും നിഫ്റ്റി 194 പോയിന്റ് (0.75%) നഷ്ടത്തിൽ 25,683ലും വ്യാപാരം പൂർത്തിയാക്കി.
സെൻസെക്സിൽ എൻടിപിസി, ഐസിഐസിഐ ബാങ്ക്, അദാനി പോർട്സ്, ഭാരതി എയർടെൽ, സണ്‍ ഫാർമ, ബജാജ് ഫിനാൻസ് എന്നിവയാണ് നഷ്ടം നേരിട്ടവയിൽ മുന്നിൽ. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഭാരത് ഇലക്ട്രോണിക്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയതിൽ മുൻപന്തിയിൽ.
ആഗോള വ്യാപാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ സെഷനിലെ വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) വൻതോതിലുള്ള വിറ്റഴിക്കലിനെത്തുടർന്ന് ഇവർ ജാഗ്രതയിലാണ്.
ജനുവരി രണ്ടിന് ഒരു ചെറിയ ഇടവേളയ്ക്കുശേഷം എഫ്ഐഐകൾ കഴിഞ്ഞ അഞ്ചു സെഷനിലും വില്പനക്കാരായിരുന്നു. വ്യാഴാഴ്ച 3367.12 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് 3701.17 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ത്യൻ വിപണി തകർന്നപ്പോൾ ആഗോള വിപണികൾ പോസിറ്റീവിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ 225, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് , ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നീ സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ പോസിറ്റീവായാണ് വ്യാപാരം നടക്കുന്നത്.

