ന്യൂഡല്‍ഹി: 1872ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്ടിനു (ഐസിഎം) കീഴില്‍ നടന്ന വിവാഹങ്ങള്‍ സംസ്ഥാന അധികാരികള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രധാന ഉത്തരവുമായി രാജസ്ഥാന് ഹൈക്കോടതി.
രാജസ്ഥാനില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിയമങ്ങളായ 2009ലെ രാജസ്ഥാന് നിര്‍ബന്ധ വിവാഹ രജിസ്ട്രേഷന് ആക്ടും (ആര്സിഎംആര്) ഐസിഎം ആക്ടും തമ്മില്‍ ക്രൈസ്തവര്‍ക്ക് നിലനിന്നിരുന്ന ആശയക്കുഴപ്പമാണ് കോടതി ഉത്തരവിലൂടെ ഇല്ലാതായത്.
ഐസിഎം ആക്ടും 2009 ലെ ആര്സിഎംആര് ആക്ടും തമ്മില്‍ പ്രകടമായ പൊരുത്തക്കേടുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ കോടതി ആര്സിഎംആര് ആക്ടില്‍നിന്ന് ക്രിസ്ത്യന്‍ വിവാഹങ്ങളെ ഉള്‍പ്പെടുത്താതിരുന്നത് “ഒഴിവാക്കല്‍’ എന്നതിനേക്കാളുപരി “സംരക്ഷിക്കാനുള്ള’ സംവിധാനത്തിനായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.
ജയ്പൂരിലെ വികാരിയായ ഫാ. പോള്‍, സൂസന് മാത്യു എന്ന അഭിഭാഷക മുഖേന നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ക്രൈസ്തവ വിവാഹങ്ങള്‍ സംസ്ഥാനത്തിന്റെ വിവാഹരജിസ്ട്രേഷനുകളുടെ പരിധിയില്‍ വരാതിരുന്നതിനാല്‍ വീസ പോലെയുള്ള പൗരത്വരേഖകള്ക്ക് തടസം നേരിട്ടിരുന്നുവെന്നും പുതിയ ഉത്തരവിലൂടെ ഈ സങ്കീര്‍ണത ഇല്ലാതായെന്നും സൂസന് പറഞ്ഞു.

