ന്യൂഡൽഹി: സ്ത്രീകൾ പാചകം ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് വിവാഹമോചനത്തിനുള്ള ‘ക്രൂരത’യായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഒരു വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. “നിങ്ങൾ വിവാഹം കഴിക്കുന്നത് ഒരു വീട്ടുജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണ്” എന്ന് ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു. കാലം മാറിയെന്നും വീട്ടുജോലികൾ ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും കോടതി വ്യക്തമാക്കി.
പാചകം, തുണി നനയ്ക്കൽ, പാത്രം കഴുകൽ തുടങ്ങിയ ജോലികൾ ഭർത്താക്കന്മാർക്കും ചെയ്യാവുന്നതാണെന്ന് ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി.ഭാര്യ ഭക്ഷണം പാകം ചെയ്തു നൽകുന്നില്ല എന്നത് മാനസികമായോ ശാരീരികമായോ ഉള്ള ക്രൂരതയായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.2017-ൽ വിവാഹിതരായ ദമ്പതികളുടെ കേസിലാണ് കോടതിയുടെ ഈ ഇടപെടൽ. ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും തന്നെയും മാതാപിതാക്കളെയും അധിക്ഷേപിക്കുന്നുവെന്നും ആരോപിച്ച് ഭർത്താവ് നൽകിയ ഹർജിയാണ് കോടതിയുടെ മുന്നിലെത്തിയത്. എന്നാൽ ഭർത്താവും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ടതായും കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പോലും പങ്കെടുത്തില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു.
നേരത്തെ കുടുംബ കോടതി ഭർത്താവിന്റെ വാദം അംഗീകരിച്ച് വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ വിധി റദ്ദാക്കി. ഇതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസിൽ അടുത്ത വാദം കേൾക്കുന്ന ദിവസം ദമ്പതികളോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

