മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലിന്റെയും വിവാഹം മാറ്റിവച്ചതിന് കാരണം താനല്ലെന്നും പലാഷുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തി മേരി ഡി കോസ്റ്റ. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കുന്നതായി കുടുംബം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പലാഷും മേരിയും തമ്മിലുള്ള രഹസ്യ ചാറ്റ് കുടുംബം കണ്ടുപിടിച്ചതാണ് വിവാഹം മാറ്റിവയ്ക്കാന്‍ കാരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ആരോപണങ്ങള്‍ക്ക് മറുപടിയായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് മേരി ഡി കോസ്റ്റ തന്റെ ഭാഗം ന്യായീകരിച്ചത്. താനും പലാഷും തമ്മിലുണ്ടായിരുന്നത് വളരെ ഹൃസ്വമായ അടുപ്പം മാത്രമായിരുന്നു. ഇക്കൊല്ലം ഏപ്രില്‍ 29 മുതല്‍ മെയ് 30 വരെ മാത്രമായിരുന്നു അടുപ്പമുണ്ടായിരുന്നത്. ഒരിക്കലും നേരില്‍ കണ്ടിട്ടു പോലുമില്ല. അവര്‍ വെളിപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളില്‍ പറയുന്നതു പോലെ താന്‍ കൊറിയോഗ്രാഫറല്ലെന്നും പലാഷ് വഞ്ചിച്ചതായി പറയപ്പെടുന്ന വ്യക്തി താനല്ലെന്നും അവര്‍ വ്യക്തമാക്കുന്നുമുണ്ട്.

