തൃശൂര്‍: ആധാര്‍ സേവനങ്ങളെക്കുറിച്ച് ജനങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്തുക എന്ന ലക്ഷ്യത്തോടെ 2026 ജനുവരി 8-നാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ‘ഉദയ്’ (Udai) എന്ന പേരില്‍ പുതിയ മാസ്‌കോട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്.
ആധാറിന്റെ പുതിയ മുഖമായ ‘ഉദയ്’ എന്ന മാസ്‌കോട്ടിന് പിന്നിലുമുണ്ട് മലയാളിയുടെ കഴിവ്.ഈ ഡീസൈന്‍ രൂപകല്‍പ്പന ചെയ്തത് മലയാളി യുവാവായ അരുണ്‍ ഗോകുല്‍ ആണ്. വെറും ഏതാനും മണിക്കൂറുകള്‍ കൊണ്ട് ‘കാന്‍വ’ (Canva), ‘പെയിന്റ്’ (MS Paint) എന്നീ ടൂളുകള്‍ ഉപയോഗിച്ചാണ് അദ്ദേഹം ഈ ലോഗോ തയ്യാറാക്കിയത്. 875 മത്സരാര്‍ത്ഥികളില്‍ നിന്നാണ് അരുണിന്റെ ഡിസൈന്‍ ഒന്നാമതെത്തിയത്.തൃശ്ശൂര്‍ സ്വദേശിയായ ഇദ്ദേഹം നിലവില്‍ കൊച്ചിയിലെ ഒരു ലോജിസ്റ്റിക് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ അരുണിന് ഡിസൈനിംഗില്‍ ഔദ്യോഗികമായ പരിശീലനമൊന്നുമില്ല.ഈ ചിഹ്നത്തിന് ‘ഉദയ്’ എന്ന പേര് നിര്‍ദ്ദേശിച്ചത് ഭോപ്പാല്‍ സ്വദേശിനിയായ റിയ ജെയിന്‍ ആണ്.
ആധാര്‍ സേവനങ്ങളെക്കുറിച്ച് ജനങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആധാര്‍ അപ്ഡേഷന്‍, വെരിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു വഴികാട്ടിയായി ഇനി ഈ മാസ്‌കോട്ട് വെബ്സൈറ്റുകളിലും ആപ്പുകളിലും പ്രത്യക്ഷപ്പെടും.
പഴയ ലോഗോയുടെ ചരിത്രം ആധാറിന്റെ നമ്മള്‍ കണ്ടു ശീലിച്ച പഴയ ലോഗോ (സൂര്യന്റെ രൂപത്തിലുള്ളത്) രൂപകല്‍പ്പന ചെയ്തത് പൂനെ സ്വദേശിയായ അതുല്‍ എസ് പാണ്ഡെ ആണ്. 2010-ലായിരുന്നു ആ ലോഗോയുടെ തുടക്കം. ഇപ്പോള്‍ അരുണ്‍ ഗോകുലിലൂടെ ആധാര്‍ ഒരു പുതിയ ‘മുഖം’ കൂടി കൈവരിച്ചിരിക്കുകയാണ്.
മൈഗവ് (My-Gov) പ്ലാറ്റ്ഫോം വഴി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ദേശീയതല മത്സരത്തില്‍ പങ്കെടുത്ത 875 എന്‍ട്രികളില്‍ നിന്നാണ് അരുണിന്റെ ഡിസൈന്‍ തിരഞ്ഞെടുക്കപ്പെട്ടത്.2026 ജനുവരി 8-ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ UIDAI ചെയര്‍മാന്‍ നീലകണ്ഠ മിശ്രയില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 രൂപയാണ് സമ്മാനത്തുക.
ചുവന്ന പാന്റും ക്രീം നിറത്തിലുള്ള ടി-ഷര്‍ട്ടും ധരിച്ച ഒരു ആണ്‍കുട്ടിയുടെ രൂപമാണ് ഈ മാസ്‌കോട്ടിനുള്ളത്.കഴുത്തില്‍ ദേശീയ പതാകയുടെ നിറങ്ങളിലുള്ള (ത്രിവര്‍ണ്ണ) ഒരു സ്‌കാര്‍ഫ് ധരിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ അടയാളമായി നിലകൊള്ളുന്നു. ആധാര്‍ സേവനങ്ങള്‍ ലളിതമായും ജനകീയമായും അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. ഇനിമുതല്‍ വെബ്‌സൈറ്റുകളിലും ആപ്പുകളിലും ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ‘ഉദയ്’ ഉണ്ടാകും.

