ഗൗൾബൺ: തെക്കൻ ന്യൂ സൗത്ത് വെയ്ൽസിലെ ഗൗൾബണിൽ വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. സാധാരണ ഗതിയിൽ നടത്തുന്ന ഒരു റോഡ് സൈഡ് പരിശോധനയ്ക്കിടെയാണ് കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 147 കിലോ കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 7,50,000 ഡോളർ (6 കോടിയിലധികം ഇന്ത്യൻ രൂപ) വിലവരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 13 ഡഫിൾ ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന 26-ഉം 31-ഉം വയസ്സുള്ള യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
വാണിജ്യപരമായ വലിയ അളവിലുള്ള മയക്കുമരുന്ന് വിതരണം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. ഏപ്രിൽ 15-ന് ഗൗൾബൺ ലോക്കൽ കോടതിയിൽ ഇവരെ വീണ്ടും ഹാജരാക്കും. മേഖലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്

