സിഡ്നിയിലെ പ്രശസ്തമായ കൂജി ബീച്ചില്‍ ക്രിസ്മസ് ദിനത്തിലുണ്ടായ വന്‍ ജനത്തിരക്കിനെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ക്രിസ്മസ് ദിനത്തില്‍ അയല്‍ ബീച്ചായ ബ്രോണ്ടിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍,പ്രത്യേകിച്ച് വിദേശ വിനോദസഞ്ചാരികള്‍ (backpackers), കൂജി ബീച്ചിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ആഘോഷങ്ങള്‍ക്കൊടുവില്‍ ബീച്ചിലും പരിസരത്തും കുന്നുകൂടിയ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെ ഏകദേശം 20 ടണ്ണോളം മാലിന്യമാണ് റാന്‍ഡ്വിക്ക് സിറ്റി കൗണ്‍സില്‍ ജീവനക്കാര്‍ നീക്കം ചെയ്തത്.ക്രിസ്മസ് രാത്രിയും പിറ്റേന്ന് പുലര്‍ച്ചെയുമായി നടന്ന തീവ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ ബീച്ച് പൂര്‍വ്വസ്ഥിതിയിലാക്കി. ബീച്ചിലെ ഇത്തരം അനിയന്ത്രിതമായ ആഘോഷങ്ങളും മാലിന്യം തള്ളുന്നതും പരിസരവാസികളുടെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.വരും വര്‍ഷങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അധികൃതര്‍ പരിഗണിച്ചുവരികയാണ്

