അഡ്ലെയ്ഡില്‍ നടത്തിയ റെയ്ഡുകളില്‍ വന്‍തോതില്‍ ലഹരിമരുന്നുകളും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു. അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഡ്ലെയ്ഡില്‍ ഡിസംബര്‍ 23,ന് നടന്ന പരിശോധനകളില്‍ ദക്ഷിണ ഓസ്ട്രേലിയന്‍ പോലീസ് വലിയൊരു ലഹരിമരുന്ന് ശൃംഖലയെയാണ് തകര്‍ത്തത്.
റെയ്ഡില്‍ ഏകദേശം 50 കിലോയോളം മെത്താംഫെറ്റാമൈന്‍ വന്‍തോതില്‍ കൊക്കെയ്ന്‍, എക്സ്റ്റസി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇവയുടെ കമ്പോള വില ദശലക്ഷക്കണക്കിന് ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്. ലഹരിമരുന്നിന് പുറമെ, അനധികൃതമായി സൂക്ഷിച്ചിരുന്ന മാരകായുധങ്ങളും (തോക്കുകള്‍ ഉള്‍പ്പെടെ) ഏകദേശം 1.5 ദശലക്ഷം ഡോളര്‍ പണവും പോലീസ് കണ്ടെടുത്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ വിദേശ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.അഡ്ലെയ്ഡിന്റെ വടക്കന്‍ സബര്‍ബുകളിലും തുറമുഖ പ്രദേശത്തുമാണ് പ്രധാനമായും റെയ്ഡുകള്‍ നടന്നത്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് എത്തിച്ച ലഹരിമരുന്നുകളാണ് ഇവയെന്ന് പോലീസ് കരുതുന്നു. അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ക്രൈം ഗ്യാങ് ടാസ്‌ക് ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘ആഘോഷ വേളകളില്‍ വിതരണം ചെയ്യാന്‍ കരുതിയിരുന്ന വലിയൊരു വിപത്തിനെയാണ് ഇന്ന് ഒഴിവാക്കാന്‍ സാധിച്ചത്’ എന്ന് അഡ്ലെയ്ഡ് പോലീസ് വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

