വൻ ലഹരിവേട്ട: 1.4 കോടി കപ്റ്റാഗൺ ഗുളികകളുമായി മൂന്ന് പേർ പിടിയിൽ

ദുബൈ: കുവൈത്ത് ലഹരിവിരുദ്ധ അതോറിറ്റിയുമായി സഹകരിച്ച് ദുബൈ പോലീസ് നടത്തിയ വൻ ഓപ്പറേഷനിൽ കോടികൾ വിലമതിക്കുന്ന 14 ദശലക്ഷത്തിലധികം (1.4 കോടി) കപ്റ്റാഗൺ ഗുളികകൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മൂന്ന് അറബ് വംശജരെ പോലീസ് അറസ്റ്റ് ചെയ്തു.


അഞ്ച് കണ്ടെയ്‌നറുകളിലായി എത്തിയ ചോളം നിറച്ച ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിഗുളികകൾ. ഒരു അറബ് രാജ്യത്തെ തുറമുഖത്ത് എത്തിയ ഈ കണ്ടെയ്‌നറുകളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൊത്തം 2,050 കിലോഗ്രാം തൂക്കം വരുന്ന 14,250,000 കപ്റ്റാഗൺ ഗുളികകളാണ് പിടിച്ചെടുത്തത്.


യുഎഇയിലെയും കുവൈത്തിലെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ തമ്മിലുള്ള വിവര കൈമാറ്റമാണ് ഈ വൻ വേട്ടയ്ക്ക് വഴിയൊരുക്കിയത്. പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് പ്രതികളെയും കണ്ടെയ്‌നറുകളെയും നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. തുറമുഖത്ത് നിന്ന് ചോളം ചാക്കുകൾ ഇറക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.


യുഎഇ ദേശീയ മയക്കുമരുന്ന് വിരുദ്ധ ബ്യൂറോ ചെയർമാൻ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ ഈ നേട്ടത്തെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണമാണ് വൻ മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *