മെൽബൺ: വിക്ടോറിയയിലെ നോർത്ത് ഗീലോങ്ങിലുള്ള സ്ക്രാപ്പ് കാർ യാർഡിലുണ്ടായ വൻ സ്ഫോടനത്തെത്തുടർന്ന് പ്രദേശത്ത് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെ നോർത്ത് ഗീലോങ്ങിലെ തോംസൺ റോഡിനും ആംസ്ട്രോങ്ങ് സ്ട്രീറ്റിനും സമീപമാണ് അപകടമുണ്ടായത്. നിരവധി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പ്രദേശം അതീവ അപകടാവസ്ഥയിലാണെന്നും ഉടൻതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും വിക് എമർജൻസി ജനങ്ങളോട് ആവശ്യപ്പെട്ടു.
ഒരു ട്രക്കിന് പിന്നിലുണ്ടായിരുന്ന വാഹനത്തിന് തീപിടിക്കുകയും, ആ തീ സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളിലേക്ക് പടരുകയുമായിരുന്നുവെന്ന് ഫയർ റെസ്ക്യൂ വിക്ടോറിയ അറിയിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തന്നെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് തീ ആളിപ്പടർന്നിരുന്നു. സ്ഫോടനത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തേക്ക് കറുത്ത പുക പടരുന്നത് ദൃശ്യമാണ്.
പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിഷപ്പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ ജനങ്ങൾ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നും എയർ കണ്ടീഷണറുകൾ ഓഫ് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.

