ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ വലേറോ പോർട്ട് ആർതർ റിഫൈനറിയിൽ ശക്തമായ സ്ഫോടനവും തുടർന്ന് വൻ തീപിടിത്തവും ഉണ്ടായി. ചൊവ്വാഴ്ച (2026 മാർച്ച് 24) പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്.
സ്ഫോടനത്തെത്തുടർന്ന് കിലോമീറ്ററുകളോളം ഉയരത്തിൽ കറുത്ത പുകപടലങ്ങൾ ദൃശ്യമായത് പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. റിഫൈനറിയിലെ ഹീറ്റിംഗ് യൂണിറ്റിലുണ്ടായ തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രാഥമികമായി സംശയിക്കുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾ കുലുങ്ങിയതായി ദൃക്സാക്ഷികൾ അറിയിച്ചു.പോർട്ട് ആർതർ ഫയർ ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയായി ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതർ വ്യക്തമാക്കി.വായുവിൽ വിഷവാതകങ്ങൾ കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വായുനിലവാര പരിശോധന ആരംഭിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ സമീപവാസികളോട് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചു.
റിഫൈനറിക്ക് സമീപമുള്ള പ്രധാന പാതകളിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.പ്രതിദിനം 4.35 ലക്ഷം ബാരൽ ഇന്ധനം ഉത്പാദിപ്പിക്കുന്ന, അമേരിക്കയിലെ തന്നെ ഏറ്റവും വലിയ പ്ലാന്റുകളിൽ ഒന്നാണിത്. സ്ഫോടനത്തെത്തുടർന്ന് പ്ലാന്റിലെ പ്രവർത്തനം ദീർഘകാലത്തേക്ക് തടസ്സപ്പെടുകയാണെങ്കിൽ മേഖലയിൽ വലിയ രീതിയിലുള്ള ഇന്ധന പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

