കെയിന്‍സ് (Cairns): ഓസ്ട്രേലിയയിലെ നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍, മനൂറ മേഖലയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 51-കാരന്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ മഹോഗാനി സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കോംപ്ലക്‌സിലായിരുന്നു അപകടം.
തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കത്തുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്വയം പുറത്തുകടന്നിരുന്നു. ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം ഇദ്ദേഹത്തെ കെയിന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
തീപിടുത്തം വളരെ പെട്ടെന്നാണ് പടര്‍ന്നുപിടിച്ചതെന്നും സ്‌ഫോടനശബ്ദങ്ങള്‍ കേട്ടെന്നും അയല്‍വാസികള്‍ പറഞ്ഞു.ഗോവണികള്‍ വഴി താഴെയിറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരാള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴെയുള്ള സ്വിമ്മിംഗ് പൂളിലേക്ക് എടുത്തുചാടിയാണ് രക്ഷപ്പെട്ടത്.
ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും കെട്ടിടത്തിന്റെ താഴത്തെ നിലയിലെ രണ്ട് യൂണിറ്റുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. അഗ്‌നിശമന സേനയുടെ കഠിനശ്രമത്തിനൊടുവില്‍ രാവിലെ 11:30-ഓടെയാണ് തീയണയ്ക്കാന്‍ സാധിച്ചത്.പ്രദേശത്തുണ്ടായ കനത്ത മഴയും തീയണയ്ക്കാന്‍ സഹായകമായി.
പ്രാഥമിക അന്വേഷണത്തില്‍ തീപിടുത്തത്തില്‍ ദുരൂഹതകളില്ലെന്നും അപകടകാരണം വ്യക്തമല്ലെന്നും ക്വീന്‍സ്ലാന്‍ഡ് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

