മെൽബൺ മൂംബ ഫെസ്റ്റിവലിൽ വൻ അക്രമപദ്ധതി തകർത്തു; മാരകായുധങ്ങളുമായി കൗമാരസംഘം പിടിയിൽ

മെൽബൺ: ജനനിബിഡമായ മെൽബൺ മൂംബ ഫെസ്റ്റിവലിൽ അരങ്ങേറാനിരുന്ന വൻ അക്രമപരമ്പര പോലീസ് സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കി. വാളുകളും മാരകായുധങ്ങളുമായി എത്തിയ കൗമാരക്കാരുടെ സംഘത്തെ പോലീസ് പിടികൂടി. ഫെസ്റ്റിവലിന്റെ ആദ്യ രാത്രിയിൽ, ഏകദേശം ഒൻപതരയോടെയാണ് കയ്യിൽ കത്തിയുമായി ഒരാൾ നടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പത്തു മിനിറ്റിനുള്ളിൽ സൗത്ത് ബാങ്ക് പരിസരത്ത് എട്ടംഗ കൗമാരസംഘത്തെ പോലീസ് കണ്ടെത്തി. തുടർന്ന് സെന്റ് കിൽഡ റോഡിന് സമീപത്തു വെച്ച് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ പരിശോധിച്ചപ്പോൾ രണ്ട് മാഷെറ്റെകൾ (വലിയ വാളുകൾ), ഇറച്ചി വെട്ടുന്ന കത്തി, കാർവിംഗ് നൈഫ്, ഫ്ലിക് നൈഫുകൾ തുടങ്ങി മാരകമായ ആയുധങ്ങളുടെ ശേഖരമാണ് കണ്ടെടുത്തത്. കൂടാതെ മാരകായുധമായ നക്കിൾ ഡസ്റ്ററുകൾ, മുഖംമൂടികൾ (ബാലക്ലാവ), കയ്യുറകൾ, ലഹരിമരുന്ന് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായവരിൽ 16-ഉം 17-ഉം വയസ്സുള്ള രണ്ട് കൗമാരക്കാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇവർക്കെതിരെ വരും ദിവസങ്ങളിൽ കുറ്റം ചുമത്തും. നിരോധിത ആയുധങ്ങൾ കൈവശം വെച്ചതിന് മറ്റൊരു 16-കാരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും. നഗരത്തിലെ പ്രധാന ആഘോഷത്തിനിടെ വൻ അക്രമത്തിനുള്ള സാധ്യതയാണ് ഇതിലൂടെ ഒഴിവാക്കപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *