കോപ്പൻഹേഗൻ: ഏതുവിധേനയും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരേ ഡെന്മാർക്കിലുടനീളം വൻ പ്രതിഷേധം. വിവിധ നഗരങ്ങളിൽ നടന്ന റാലികളിൽ ആയിരങ്ങൾ പങ്കെടുത്തു.
തലസ്ഥാനമായ കോപ്പൻഗേഹനിൽ യുഎസ് എംബസിക്കുമുന്നിലാണ് പ്രകടനം നടന്നത്. ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നൂക്കിലും അതികഠിനമായ മഞ്ഞുവീഴ്ചയെ അവഗണിച്ച് നൂറുകണക്കിനുപേർ പങ്കെടുത്ത പ്രതിഷേധറാലി അരങ്ങേറി. “ഗ്രീൻലാൻഡ് അമേരിക്കക്കാരാകാൻ ആഗ്രഹിക്കുന്നില്ല”, “ഗ്രീൻലാൻഡ് വില്പനയ്ക്കില്ല”എന്നിങ്ങനെയെഴുതിയ ബാനറുകളും വഹിച്ചായിരുന്നു പ്രകടനം.
അമേരിക്കയ്ക്കു വ്യക്തമായ സന്ദേശം നൽകാനായിരുന്നു പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതെന്ന് സംഘാടകർ അറിയിച്ചു. ഗ്രീൻലാൻഡിനെ ജനങ്ങളിൽ പലരും വളരെയധികം ഉത്കണ്ഠാകുലരാണെന്നും ഉറങ്ങാൻ കഴിയാത്ത നിരവധി ഗ്രീൻലാൻഡുകാരുണ്ടെന്നും പ്രതിഷേധപരിപാടിയുടെ പ്രധാന സംഘാടകരിൽ ഒരാളായ ഡെന്മാർക്കിലെ ഗ്രീൻലാൻഡേഴ്സിനായുള്ള ദേശീയ സംഘടനയുടെ ചെയർപേഴ്സൺ ജൂലി റാഡെമാക്കർ പറഞ്ഞു.
അതേസമയം, ഗ്രീൻലാൻഡിൽ നാറ്റോ സഖ്യസേന പരിശീലനം ആരംഭിച്ചു. തങ്ങളുടെ നീക്കം അമേരിക്കയ്ക്കെതിരേയല്ലെന്നും റഷ്യയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും നാറ്റോ അറിയിച്ചു.ഗ്രീൻലാൻഡിലെ നാറ്റോ സൈനിക നീക്കത്തിൽ ആശങ്കയുണ്ടെന്ന് റഷ്യ പ്രതികരിച്ചു.

