2032-ല്‍ ബ്രിസ്ബേനില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സിനായുള്ള സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരമധ്യത്തില്‍ വന്‍ പ്രതിഷേധം നടന്നു. നഗരത്തിലെ പ്രധാന പാര്‍ക്കുകളും പൈതൃക കെട്ടിടങ്ങളും നശിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും തെരുവിലിറങ്ങിയത്.ഇത് മണിക്കൂറുകളോളം നഗരത്തിലെ ഗതാഗതത്തെ ബാധിച്ചു.ബ്രിസ്ബേനിലെ പ്രശസ്തമായ ഗാബ ക്രിക്കറ്റ് സ്റ്റേഡിയം പൊളിച്ചുപണിയാനുള്ള തീരുമാനമാണ് ഏറ്റവും വലിയ തര്‍ക്കവിഷയം. ഇതിനായി ശതകോടിക്കണക്കിന് ഡോളര്‍ ചിലവാക്കുന്നത് അനാവശ്യമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.
സ്റ്റേഡിയം വികസിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തുള്ള ഈസ്റ്റ് ബ്രിസ്ബേന്‍ സ്റ്റേറ്റ് സ്‌കൂള്‍ മാറ്റി സ്ഥാപിക്കേണ്ടി വരും. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലിയ രീതിയില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്.റെഡ്ക്ലിഫ് (Redcliffe) പോലുള്ള ഭാഗങ്ങളില്‍ ഒളിംപിക് ഗ്രാമം നിര്‍മ്മിക്കുന്നതിനായി കണ്ടല്‍ക്കാടുകളും ഹരിതമേഖലകളും നശിപ്പിക്കുന്നു എന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.
ഓസ്ട്രേലിയയില്‍ പൊതുവെ വിലക്കയറ്റവും ഭവനരഹിതരുടെ എണ്ണവും കൂടുന്ന സാഹചര്യത്തില്‍, ഒളിംപിക്സിനായി ഇത്രയും വലിയ തുക ചിലവാക്കുന്നത് നിര്‍ത്തിവെച്ച് ആ പണം ജനക്ഷേമത്തിന് ഉപയോഗിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം
‘പ്രൊട്ടക്റ്റ് ഔര്‍ പാര്‍ക്ക്‌സ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ ബ്രിസ്ബേന്‍ സിറ്റി ഹാളിന് മുന്നില്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. ഇത് നഗരമധ്യത്തിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുത്തി.അനുവാദമില്ലാതെ റോഡ് ഉപരോധിച്ച പത്തോളം പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി.എന്നാല്‍, ഒളിംപിക്സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുമെന്നും ഇത് ഭാവിയില്‍ ക്വീന്‍സ്ലാന്റിന് വലിയ സാമ്പത്തിക നേട്ടം നല്‍കുമെന്നുമാണ് സര്‍ക്കാര്‍ പക്ഷം. ചില പദ്ധതികളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് പ്രീമിയര്‍ സൂചിപ്പിച്ചിട്ടുണ്ട്.

