ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സും (ABF) മറ്റ് അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് ഗോള്‍ഡ് കോസ്റ്റില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ അനധികൃത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ‘ഓപ്പറേഷന് ലൈറ്റ് ഹൗസ്’ എന്ന പേരില്‍ നടത്തിയ നീക്കത്തിലൂടെ ഒരു സംഘടിത ക്രൈം നെറ്റ്വര്‍ക്കിനെയാണ് തകര്‍ത്തത്.
റോബിന , ബര്‍ലി എന്നിവിടങ്ങളിലെ രണ്ട് ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 11 ലക്ഷം അനധികൃത സിഗരറ്റുകളും, 9,000-ത്തോളം അനധികൃത വേപ്പുകളുമാണ് പിടിച്ചെടുത്തത്. നികുതി വെട്ടിപ്പും വിപണി വിലയും ചേര്‍ത്ത് ഇവയ്ക്ക് ഏകദേശം 2 മില്യണ്‍ ഡോളറിലധികം (10 കോടിയിലധികം രൂപ) മൂല്യം വരും.
ക്വീന്സ്ലാന്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന് നിരോധിത മോട്ടോര്‍സൈക്കിള്‍ ഗ്യാങ്ങുകളുമായി ബന്ധമുണ്ടെന്നാണ് സൂചന. ക്വീന്‍സ്ലാന്‍ഡിലും വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലും ഇവര്‍ അനധികൃതമായി സിഗരറ്റുകളും വേപ്പുകളും വിതരണം ചെയ്തിരുന്നു.
അനധികൃത പുകയില വാങ്ങുന്നതിലൂടെ പൊതുജനങ്ങള്‍ ഇത്തരം ക്രൈം സിന്‍ഡിക്കേറ്റുകളെ സാമ്പത്തികമായി സഹായിക്കുകയാണെന്നും, ഇത് മറ്റ് വലിയ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും എബിഎഫ് കമാന്‍ഡര്‍ ഗ്രെഗ് ഡൗസ് മുന്നറിയിപ്പ് നല്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്

