മൂവാറ്റുപുഴ: ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യൂസ് വർക്കിയുടെ മുൻകൈയിൽ പി.ടി.എ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച് തയ്യാറാക്കിയ സ്കൂൾ വികസന പദ്ധതി വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. സ്കൂളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിച്ച പ്രസിഡന്റ്, ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ കൂടി ഉൾപ്പെടുത്തി ശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്ന് അറിയിച്ചു.
സ്കൂളിൽ ചേർന്ന വികസന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലൂടെ അക്കാദമിക് നിലവാരവും ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യൂസ് വർക്കി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, സ്കൂൾ പ്രിൻസിപ്പാൾ ടി.ബി. സന്തോഷ്, ഹെഡ്മിസ്ട്രസ് എ. സഫീന എന്നിവർ സംസാരിച്ചു

