പക്വത; വയസ്സല്ല, ബോധമാണ്

വയസ്സ് കൂടുമ്പോൾ ജീവിതം ലളിതമാകുമെന്ന് പറയുന്നവരുണ്ട്.
പക്ഷേ സത്യം മറ്റൊന്നാണ്
വയസ്സ് കൂടുമ്പോൾ ജീവിതം ലളിതമാകുന്നില്ല,
നാം ജീവിതത്തെ കാണുന്ന കണ്ണുകളാണ് ലളിതമാകുന്നത്.

എഴുപതാം വയസ്സിലെത്തിയ ഒരു പ്രിയ സുഹൃത്തിനോട് ഒരിക്കൽ ഞാൻ ചോദിച്ചു:
“വയസ്സിനൊപ്പം നിങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്?”

ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി വളരെ ലളിതമായിരുന്നു.
പക്ഷേ ആ ലളിതത്വത്തിനുള്ളിൽ ഒളിഞ്ഞിരുന്ന ആഴം
എന്നെ ഏറെ നേരം ചിന്തിപ്പിച്ചു.

“ അപ്പനും അമ്മയും, സഹോദരങ്ങളെയും,
ജീവിതപങ്കാളിയെയും,മക്കളെയും,
സ്നേഹിതരെയും സ്നേഹിച്ചതിന് ശേഷം
ഒടുവിൽ ഞാൻ എന്നെത്തന്നെ സ്നേഹിക്കാൻ പഠിച്ചു.”

ഈ ഒരൊറ്റ വാചകം തന്നെ
പക്വതയുടെ അർത്ഥം എന്തെന്ന് വ്യക്തമാക്കുന്നു.

ലോകം മുഴുവൻ തോളിൽ ചുമക്കുന്ന മനുഷ്യൻ അല്ലെന്ന്
അദ്ദേഹം തിരിച്ചറിഞ്ഞു.
എല്ലാവരുടെയും പ്രശ്നങ്ങൾക്ക് ഉത്തരവാദിയായിരിക്കണം,
എല്ലാ ഭാരം ഏറ്റെടുക്കണം എന്ന
അദൃശ്യബാധ്യത അവിടെ അവസാനിച്ചു.

ഇപ്പോൾ അദ്ദേഹം പച്ചക്കറി കച്ചവടക്കാരനോട് വിലപേശാറില്ല.
കുറച്ച് നാണയങ്ങൾ അദ്ദേഹത്തെ ദരിദ്രനാക്കില്ലെന്ന് അദ്ദേഹം അറിയുന്നു.
പക്ഷേ ആ നാണയങ്ങൾ
ആ കച്ചവടക്കാരന്റെ കുഞ്ഞിന്റെ പഠനത്തിനോ ഒരു ദിവസത്തെ ആശ്വാസത്തിനോ
കാരണമാകാമെന്ന ബോധം
അദ്ദേഹത്തെ കൂടുതൽ മനുഷ്യനാക്കുന്നു.

ഹോട്ടലുകളിലും യാത്രകളിലും
അദ്ദേഹം ഉദാരമായി ടിപ്പ് നൽകുന്നു.
അത് ധനത്തിന്റെ പ്രദർശനം അല്ല—
മനുഷ്യനോട് മനുഷ്യനായി പെരുമാറാനുള്ള
ഒരു ചെറിയ ശ്രമമാണ്.

മുതിർന്നവർ ഒരേ കഥകൾ ആവർത്തിച്ചു പറയുമ്പോൾ അദ്ദേഹം തടയാറില്ല.
കാരണം അവർക്കത് വെറും കഥകളല്ല—
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ വീണ്ടും ജീവിക്കുന്ന അവസരങ്ങളാണ്.

ശരിയെന്ന് തെളിയിക്കാൻ മറ്റുള്ളവരെ തിരുത്തുന്ന ആശയം അദ്ദേഹം വിട്ടുകളഞ്ഞു.
പൂർണതയേക്കാൾ സമാധാനം വിലപ്പെട്ടതാണെന്ന് ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചു.

പ്രശംസകൾ അദ്ദേഹം ഉദാരമായി പറയുന്നു.
അതുപോലെ തന്നെ ലഭിക്കുന്ന പ്രശംസകൾ
“നന്ദി” എന്ന ലളിതമായ വാക്കോടെ
സ്വീകരിക്കാനും അദ്ദേഹം പഠിച്ചു.

വസ്ത്രത്തിലെ ചുളിവുകളോ പാടുകളോ
അദ്ദേഹത്തെ അലട്ടുന്നില്ല.
വസ്ത്രത്തേക്കാൾ ശക്തമായി
ഒരു മനുഷ്യനെ അവതരിപ്പിക്കുന്നത്
അവന്റെ സ്വഭാവമാണെന്ന്
അദ്ദേഹം തിരിച്ചറിഞ്ഞു.

എന്നെ വിലമതിക്കാത്തവരിൽ നിന്ന്
അദ്ദേഹം ശാന്തമായി അകന്നുപോകുന്നു.
അവരുടെ കാഴ്ചപ്പാടുകൾ മാറ്റാൻ
ജീവിതം ചെലവഴിക്കേണ്ടതില്ലെന്ന്
അദ്ദേഹം മനസ്സിലാക്കി. സ്വന്തം മൂല്യം അറിയുന്നവന് അംഗീകാരം തേടേണ്ടതില്ല.

മറ്റുള്ളവർ മുന്നിലെത്താൻ വൃത്തികെട്ട വഴികൾ സ്വീകരിക്കുമ്പോഴും അദ്ദേഹം ശാന്തത കൈവിടുന്നില്ല.
ജീവിതം ഒരു ഓട്ടമത്സരമല്ലെന്നും താൻ ഒരു എലിയല്ലെന്നും അദ്ദേഹം ഉറപ്പിച്ചു.

സ്വന്തം വികാരങ്ങളിൽ അദ്ദേഹം ഇപ്പോൾ ലജ്ജിക്കുന്നില്ല. വേദനയും, സ്നേഹവും,
കണ്ണീരും, സന്തോഷവും
ഇവയൊക്കെയാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്.

അഹന്തയെക്കാൾ ബന്ധങ്ങളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
അഹന്ത നമ്മെ ഒറ്റപ്പെടുത്തുന്നു,
ബന്ധങ്ങൾ നമ്മെ ചേർത്തുപിടിക്കുന്നു.

ഓരോ ദിവസവും അവസാനത്തേതെന്ന മട്ടിൽ
അദ്ദേഹം ജീവിക്കുന്നു.
കാരണം ഒരുദിവസം
അത് സത്യമാകും എന്ന ബോധം
ജീവിതത്തിന് ഒരു പുതിയ അർത്ഥം നൽകുന്നു.

അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതെന്തോ
അതാണ് അദ്ദേഹം ചെയ്യുന്നത്.
സന്തോഷത്തിന്റെ ഉത്തരവാദിത്തം
മറ്റാരുടേയും കൈകളിൽ വിടാതെ
സ്വന്തം കൈകളിൽ തന്നെ അദ്ദേഹം സൂക്ഷിക്കുന്നു. സന്തോഷം ഒരു ഭാഗ്യമല്ല
അത് ഒരു തിരഞ്ഞെടുപ്പാണ്.

ഇതെല്ലാം കേട്ടപ്പോൾ
എനിക്ക് ഒരൊറ്റ ചോദ്യം മാത്രമാണ് തോന്നിയത്

എന്തിനാണ്
അറുപതോ എഴുപതോ എൺപതോ വയസ്സുവരെ കാത്തിരുന്നത്
ഈ പാഠങ്ങൾ പഠിക്കാൻ?

എന്തുകൊണ്ട് ഇപ്പോൾ തന്നെ,
ഏത് പ്രായത്തിലായാലും,
ജീവിതത്തിന്റെ ഏത് ഘട്ടത്തിലായാലും
ഇങ്ങനെ ജീവിക്കാൻ പാടില്ല?

ജീവിതം ഒരിക്കലും പിന്നീടൊരിക്കൽ തുടങ്ങുന്നില്ല.
‘പിന്നീട്’ എന്ന വാക്ക് നമ്മൾ തന്നെ ഉണ്ടാക്കിയ
ഒരു ആശ്വാസമാണ്.
നാം പൂർണമായി ജീവിക്കാൻ
തീരുമാനിക്കുന്ന നിമിഷം തന്നെയാണ്
ജീവിതം യഥാർത്ഥത്തിൽ തുടങ്ങുന്നത്.

പക്വത വയസ്സിന്റെ സമ്മാനം അല്ല
ബോധത്തിന്റെ തെരഞ്ഞെടുപ്പാണ്.
ആ തെരഞ്ഞെടുപ്പ് ഇന്ന് തന്നെ
എടുക്കാൻ നമുക്ക് കഴിയുന്നുവെങ്കിൽ,
നാളെക്കായി കാത്തിരിക്കേണ്ട
ഒരു ജീവിതവും ശേഷിക്കില്ല..

✍️ സിജു ജേക്കബ്

Leave a Reply

Your email address will not be published. Required fields are marked *