ചലനമറ്റ കിടക്കയില്‍ കിടന്നുകൊണ്ട് ഒരാള്‍ക്ക് എത്ര ദൂരം സഞ്ചരിക്കാനാകും? ആകാശം മുട്ടെ വളരാനാകുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള മനോഹരമായ ഉത്തരമാണ് എറണാകുളം അങ്കമാലി സ്വദേശിനിയായ മായ ബാലകൃഷ്ണന്‍. മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി നാലു ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട ഒരു ശരീരം,പക്ഷേ ആ മുറിക്കുള്ളിലിരുന്ന് മായ തന്റെ മോതിരവിരല്‍ കൊണ്ട് ലോകത്തെ തൊടുകയാണ്;അക്ഷരങ്ങളിലൂടെയും അപാരമായ ഇച്ഛാശക്തിയിലൂടെയും. 90 ശതമാനത്തോളം ചലനപരിമിതിയെ അക്ഷരങ്ങള്‍ കൊണ്ട് തോല്‍പിച്ച മായ, ഇന്ന് മലയാള സാഹിത്യലോകത്ത് സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ പേരാണ്.
കൗമാരത്തില്‍ കവര്‍ന്നെടുത്ത ചലനം
അധ്യാപക ദമ്പതികളായ കെ.എസ്. ബാലകൃഷ്ണന്‍ നായരുടെയും പി.കെ. വിജയമ്മയുടെയും നാല് മക്കളില്‍ ഏറ്റവും ഇളയവളായാണ് മായയുടെ ജനനം.പൂത്തുമ്പിയെ പോലെ പാറി നടന്ന് ബാലിക,എന്നാല്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളയ്ക്കേണ്ട പതിനഞ്ചാം വയസ്സില്‍ മായയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു.
റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന രോഗം സന്ധികളെയും ചലനശേഷിയെയും കാര്‍ന്നു തിന്നാന്‍ തുടങ്ങിയതോടെ പത്താം ക്ലാസ് പഠനം മുടങ്ങി.വേദനകളെ കടിച്ചുപിടിച്ച് ഒരു വര്‍ഷത്തിന് ശേഷം എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി,കാലടി ശ്രീശങ്കര കോളേജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ നേടിയെങ്കിലും വിധി വീണ്ടും വില്ലനായി. പനിയും നീരും ശരീരത്തെ പൂര്‍ണ്ണമായും തളര്‍ത്തി. മൂന്നര പതിറ്റാണ്ടിലേറെയായി കിടക്കയില്‍ തന്നെയായിപ്പോയ ഒരു ജീവിതം അവിടെ തുടങ്ങുകയായിരുന്നു.
നാലാം വിരലില്‍ വിരിയുന്ന മായ
ശരീരത്തിന് ചലനമില്ലെങ്കിലും മനസ്സിന് വേഗത കൂടുകയായിരുന്നു. ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും പരാജയപ്പെട്ട ഇടത്ത്,വായനയും എഴുത്തും മായയ്ക്ക് മരുന്നായി.മടങ്ങിപ്പോയ വിരലുകളില്‍ പേന പിടിക്കാന്‍ നടത്തിയ കഠിനപ്രയത്‌നം സഫലമായി.നവമാധ്യമങ്ങളുടെ വരവോടെ മായയുടെ ലോകം നാലു ചുവരുകള്‍ക്ക് പുറത്തേക്ക് വളര്‍ന്നു.
തന്റെ ഇടതുകൈയിലെ മടങ്ങിയ വിരലുകളില്‍ അല്പം മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന നാലാം വിരല്‍ (മോതിരവിരല്‍) ഉപയോഗിച്ച് ടാബിലും ലാപ്ടോപ്പിലും ടൈപ്പ് ചെയ്താണ് മായ തന്റെ പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കിയത്.ആ വിരല്‍ത്തുമ്പില്‍ നിന്ന് വിരിഞ്ഞത് വെറും വാക്കുകളല്ല,മറിച്ച് മനോഹരമായ കവിതകളും ജീവിതഗന്ധിയായ അനുഭവങ്ങളുമാണ്.
സാഹിത്യലോകത്തെ വ്യക്തിമുദ്ര
നിരവധി പുസ്തകങ്ങളിലൂടെ മായ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു:തുടികൊട്ട്, നിഷ്കാസിതരുടെ ആരൂഢം, മണ്ണാങ്കട്ടേം കരീലേം (കവിതാസമാഹാരങ്ങൾ)നാലാം വിരലിൽ വിരിയുന്ന മായ (ആത്മകഥ)മായക്കാലം (ഭൂമിയെ തൊട്ടുനടന്ന ചലനകാലത്തിന്റെ ഓർമ്മകൾ) വെള്ളപ്പൊക്കത്തിലെ പൂച്ച (ബാലസാഹിത്യം)’
നാലാം വിരലില്‍ വിരിയുന്ന മായ’എന്ന ആത്മകഥ കേവലം ഒരു പുസ്തകമല്ല,മറിച്ച് വേദനയുടെ കനലില്‍ വെന്തുരുകി തനിക്കു തന്നെ മായ നല്‍കിയ സാക്ഷ്യപത്രമാണ്.ഈ ആത്മകഥ ഡോ. കെ. പരമേശ്വരന്‍’Alchemy Of the Fourth Finger’ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ആകാശവാണിയുടെ കൊച്ചി, തൃശ്ശൂര്‍ നിലയങ്ങളിലും എഫ്.എം റേഡിയോകളിലും മായയുടെ അക്ഷരങ്ങള്‍ ഒട്ടേറെത്തവണ മുഴങ്ങിക്കേട്ടു.തന്റെ കുട്ടിക്കാലത്തെ ഊഷ്മളമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ‘മായക്കാലം’എന്ന പുസ്തകത്തിലൂടെ താന്‍ മണ്ണില്‍ തൊട്ടുനടന്ന ആ പഴയ പതിനഞ്ചു വര്‍ഷങ്ങളെ മായ വായനക്കാരിലേക്ക് എത്തിക്കുന്നു.
അക്ഷരങ്ങള്‍ തേടിയെത്തിയ അംഗീകാരങ്ങള്‍
മായയുടെ എഴുത്തിന് മാറ്റു കൂട്ടുന്നത് അതിലെ ആത്മാര്‍ത്ഥതയാണ്.അതുകൊണ്ടുതന്നെ പുരസ്‌കാരങ്ങള്‍ ആ തേജസ്സിനെ തേടിയെത്തി.സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന പുരസ്‌ക്കാരത്തില്‍ കവിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും (മണ്ണാങ്കട്ടേം കരിയിലേം 2026), സംസ്ഥാന സര്‍ക്കാറിന്റെ ഭിന്നശേഷി കമ്മീഷണറേറ്റ് നല്‍കുന്ന അവാര്‍ഡില്‍ കവിതാവിഭാഗത്തില്‍ മൂന്നാം സ്ഥാനവും ( നിഷ്‌കാസിതരുടെ ആരൂഢം 2018)’സ്ത്രീകളും ഭിന്നശേഷിയും’ എന്ന വിഷയത്തിലെ ലേഖനത്തിന് സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മയുടെ ‘വരം സാഹിത്യ പുരസ്‌കാരം’ (2018 )അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരം ( നാലാം വിരലില്‍ വിരിയുന്ന മായ- 2023) സുകുമാര്‍ അഴീക്കോട് തത്വമസി ജൂറി പുരസ്‌കാരം( 2021) എന്നിവ കൂടാതെ എഴുത്തിലെ സമഗ്ര സംഭാവനയ്ക്ക് പ്രജാഹിത ഫൗണ്ടേഷന്‍ അവാര്‍ഡ് (2021,) എഴുത്തിലെ സമഗ്രസംഭാവനയ്ക്ക് പാറ്റ് ഉജ്ജ്വല്‍ ടാഗോര്‍ പുരസ്‌ക്കാര്‍ (2023) എന്നിങ്ങനെ ലഭിച്ചിട്ടുണ്ട്.അതോടൊപ്പം നിരവധി സാംസ്‌ക്കാരികകേന്ദ്രങ്ങളും പ്രസ്ഥാനങ്ങളും വനിതാദിനത്തിലും ഭിന്നശേഷി ദിനത്തിലും നിരവധി ആദരിച്ചിട്ടുണ്ട്.പാലിയേറ്റീവ് സംബന്ധമായ നിരവധി എഴുത്തുകള്‍ നടത്തിയിട്ടുണ്ട്. തൃശ്ശൂര്‍ പുതുക്കാട് ഹാം ഓഫ് ഹോപ്പ്’ പാലിയേറ്റീവ് ക്ലിനിക്കിലെ പാലിയേറ്റീവ് വോളന്റിയര്‍ എന്ന സ്ഥാനവും ആദരവായി ലഭിച്ചിട്ടുണ്ട്.
സാന്ത്വനത്തിന്റെ തണല്‍മരം
സ്വന്തം വേദനകളെക്കാള്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്ക് കാതോര്‍ക്കാന്‍ മായ സമയം കണ്ടെത്തുന്നു. ഭിന്നശേഷിക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആത്മവിശ്വാസം പകരുന്ന ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മായ ഒരു വലിയ സാന്ത്വനമായി മാറുന്നു.പുതുക്കാട് ‘ഹോം ഓഫ് ഹോപ്പ്’ പാലിയേറ്റീവ് ക്ലിനിക്കിലെ വോളന്റിയര്‍ എന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മായയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണ്.
‘ജീവിതം വെറുമൊരു തമാശയാണ്’ എന്ന് മായ പറയുമ്പോള്‍,അതില്‍ വലിയൊരു അതിജീവനത്തിന്റെ തത്വശാസ്ത്രമുണ്ട്.തളര്‍ന്നുപോകുന്നവര്‍ക്ക് മായ ഒരു വഴികാട്ടിയാണ്. ശരീരത്തിന് തളര്‍ച്ചയുണ്ടാകാം,പക്ഷേ മനസ്സിന് ചിറകുകള്‍ ഉണ്ടെങ്കില്‍ ഏത് ആകാശവും കീഴടക്കാം എന്ന് ഈ എഴുത്തുകാരി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ആ വിരല്‍ത്തുമ്പുകളില്‍ ഇനിയും ഒരായിരം വസന്തങ്ങള്‍ വിരിയട്ടെ
മായയുടെ പുസ്തകങ്ങള്‍





അംഗീകാരങ്ങള്‍



ബിഗ്‌ബോസില്‍ നിന്നും മോഹന്‍ലാല്‍ മായയുടെ പുസ്തകം ഏറ്റ് വാങ്ങുന്നു


