തിരുവനന്തപുരം: ചേങ്കോട്ടുകോണത്തു പോലീസുകാരിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന തെരുവു നായ്ക്കളെ കോര്പറേഷന് അധികൃതര്‍ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി. പൂങ്കുളം വണ്ടിത്തടത്തിലുള്ള കോര്‍പറേഷന്റെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. കോര്പറേഷന് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരുവുനായ്ക്കളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് കോര്പറേഷന് മേയര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരിയാണ് തെരുവ്നായ്ക്കളെ അവരുടെ വീട്ടില്‍ വളര്‍ത്തിവന്നിരുന്നത്. ഇത് വര്‍ഷങ്ങളായി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
അധികൃതര്‍ക്കു ജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. 70ല്‍പരം തെരുവുനായ്ക്കളെയാണ് പോലീസുകാരി വീട്ടില്‍ വളര്‍ത്തി വന്നിരുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റതിനെത്തുടര്‍ന്നാണ് ഈ വിഷയത്തില്‍ മേയര്‍ ഇടപെട്ടത്. മേയര്‍ വി.വി. രാജേഷ് പോലീസുകാരിയുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.

