വേനൽ ചൂടിൽ വിണ്ടു കീറിയ മണ്ണിന്റെ മാറിൽ നോവേറ്റ മേഘപാളികൾ തുള്ളിയായി പെയ്ത നേരം,
എങ്ങോ സ്വപ്നം തേടിപ്പോയ ഉണങ്ങിയ വേരുകളെല്ലാം ഞെട്ടിപ്പിടഞ്ഞുണർന്നു നീറുന്ന മുറിവുമായ്.
അന്നൊരിക്കൽ അക്കരെ കാട്ടിൽ നിന്നും പെയ്തൊഴുകിയ മഴയിൽ വഴി തെറ്റിയയൊരു പുഴയുമുണ്ടായിരുന്നു.
ചൂരൽ മലക്ക് മീതെയെത്തിയ പുഴ അതിരും വഴിയും നോക്കാതെയൊഴുകി,
കാറ്റിൻ കൈകളിൽ നൃത്തം ചെയ്ത് മഴയും പുഴയും വന്നു പതിച്ചത് വിശപ്പിന്റെയും പ്രണയത്തിന്റെയും താരാട്ടിന്റെയും തളിർത്തു നിൽക്കുന്നയിത്തിരിസ്വപ്നങ്ങളുടെയും മുകളിലായിരുന്നു.
മഴയുടെ ചിറകിൽ പുഞ്ചിരി മാഞ്ഞ സ്വപ്നങ്ങളുണ്ടായിരുന്നു, പുഴയുടെ മാറിൽ തേങ്ങലടക്കി മയങ്ങുന്ന താരാട്ടുണ്ടായിരുന്നു.
പരിഭവങ്ങളേതുമില്ലാതെയിന്ന് ശാന്തമായുറങ്ങുന്നുണ്ടവരവിടെ.
മഴയത്ത് കളിവഞ്ചിയൊഴുക്കാൻ പോലും ഭയമുള്ള സ്വപ്നങ്ങളുണ്ട്.
എങ്ങു നിന്നോ കടമെടുത്ത ഇത്തിരി വെട്ടവുമായി കാവലാവാൻ ബാക്കിയായ തണൽ മരങ്ങൾക്കിടയിൽ നിഴലായ് സ്വപ്‌നങ്ങളെ തിരഞ്ഞു,നിറം മങ്ങാത്തൊരായിരം കാത്തിരിപ്പിന്റെ കഥകളുമായവരുണ്ട്.
ഇനിയൊരു ഋതുഭേദങ്ങൾക്കും മുളപ്പിക്കാൻ കഴിയാത്ത ശക്തിയേറിയ വിത്തുകൾ മണ്ണിനടിയിലാഴ്ന്നു കിടപ്പുണ്ട്.
കാലം ബാക്കി വെച്ച ഉണങ്ങാത്ത മുറിവുമായി.


