സിഡ്‌നി: സിഡ്‌നിയിലെ ഇന്നർ വെസ്റ്റ് മേഖലയിൽ രണ്ട് പ്രാദേശിക അഞ്ചാംപനി കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിദേശത്തുനിന്നും മടങ്ങിയെത്തിയ ഒരു യാത്രക്കാരനിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്ന് എൻ.എസ്.ഡബ്ല്യൂ ഹെൽത്ത് അറിയിച്ചു. ഇതോടെ ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 16 ആയി.
രോഗം ബാധിച്ച വ്യക്തികൾ അറിയാതെ പല പൊതുസ്ഥലങ്ങളിലും സന്ദർശനം നടത്തിയിട്ടുള്ളതിനാൽ സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റൈഡ് എമർജൻസി ഡിപ്പാർട്ട്മെന്റ് കൺകോർഡ് ഹോസ്പിറ്റൽ എന്നിവയുൾപ്പെടെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഇവർ സന്ദർശനം നടത്തിയിട്ടുണ്ട്. ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങളിൽ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ അവിടെ നിന്ന് എത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡയറക്ടർ ക്രിസ്റ്റിൻ സെൽവി അറിയിച്ചു.
പനി, കണ്ണ് ചുവക്കൽ, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടുതുടങ്ങി മൂന്നോ നാലോ ദിവസത്തിനുള്ളിൽ മുഖത്തുനിന്ന് തുടങ്ങി ശരീരമാകെ പടരുന്ന ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടും. ലക്ഷണങ്ങൾ കാണുന്നവർ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ഫോണിലൂടെ വിവരം അറിയിക്കണമെന്നും വായുലൂടെ പകരുന്ന രോഗമായതിനാൽ മാസ്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. 1965-ന് ശേഷം ജനിച്ചവർ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.

