ക്യാൻബറ: ഓസ്‌ട്രേലിയയിലെ ഫാമുകളിലും അബറ്റോറുകളിലും (അറവുശാലകൾ) ഇന്ധനശേഖരം അതിവേഗം തീരുന്നതിനെത്തുടർന്ന് രാജ്യം കടുത്ത ചുവന്ന ഇറച്ചി (Red Meat) ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇന്ധനലഭ്യത കുറഞ്ഞതോടെ ഉൽപ്പാദനവും വിതരണവും പ്രതിസന്ധിയിലായ സാഹചര്യത്തിൽ വരും ആഴ്ചകളിൽ ഇറച്ചി വില കുത്തനെ ഉയർന്നേക്കാം.
റെഡ് മീറ്റ് അഡ്വൈസറി കൗൺസിൽ (RMAC) നടത്തിയ സർവേ പ്രകാരം, രാജ്യത്തെ 85 ശതമാനം മാംസ ഉൽപ്പാദകരുടെയും പക്കൽ ഒരാഴ്ചത്തെ പ്രവർത്തനത്തിനുള്ള ഇന്ധനം മാത്രമേ നിലവിലുള്ളൂ. അമേരിക്ക-ഇറാൻ യുദ്ധം മൂന്നാഴ്ച കൂടി നീണ്ടുനിന്നേക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സൂപ്പർമാർക്കറ്റുകളിലെ ക്വാട്ട അനുസരിച്ചുള്ള വിതരണം തുടരാനാകുമെന്ന് പകുതിയിൽ താഴെ ഉൽപ്പാദകർക്ക് മാത്രമേ ആത്മവിശ്വാസമുള്ളൂ.
ഏപ്രിൽ, മെയ് മാസങ്ങൾ ഈ മേഖലയിലെ ഏറ്റവും തിരക്കേറിയ സമയമാണ്. ഈസ്റ്റർ അവധിക്കാലവും ശൈത്യകാലത്തിന് മുന്നോടിയായുള്ള ആവശ്യകതയും പരിഗണിക്കുമ്പോൾ ഇന്ധനക്ഷാമം വലിയ തിരിച്ചടിയാകും. “ഇതൊരു ഭാവിയിലെ പ്രശ്നമല്ല, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്,” എന്ന് കൗൺസിൽ ചെയർമാൻ ജോൺ മക്കില്ലോപ് പറഞ്ഞു. ഇന്ധനവും ഗതാഗതസൗകര്യവും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കന്നുകാലികളെ നേരത്തെ തന്നെ കശാപ്പ് ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് കർഷകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകൾ പൂർണ്ണമായും ശൂന്യമാകില്ലെങ്കിലും, ലഭ്യമാകുന്ന ഇറച്ചിയുടെ വൈവിധ്യം കുറയാനും വില വർദ്ധിക്കാനും സാധ്യതയുണ്ട്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും കാലിത്തീറ്റ വിതരണത്തിനും ഓസ്‌ട്രേലിയൻ കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് ഡീസലിനെയാണ്. ഇന്ധനവില വർദ്ധനവിനൊപ്പം ചരക്കുനീക്കത്തിനുള്ള ചിലവ് ഉയരുന്നതും ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.
പ്രാദേശിക മേഖലകളിലേക്ക് ഇന്ധന വിതരണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര പ്ലാൻ തയ്യാറാക്കണമെന്ന് നാഷണൽ ഫാർമേഴ്സ് ഫെഡറേഷൻ (NFF) ആവശ്യപ്പെട്ടു. ഇന്ധന എക്സൈസ് ഡ്യൂട്ടിയിൽ വരുത്തിയ മൂന്ന് മാസത്തെ കുറവ് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണെങ്കിലും കർഷകരെ നേരിട്ട് സഹായിക്കുന്ന ഒന്നല്ലെന്ന് എൻ.എഫ്.എഫ് പ്രസിഡന്റ് ഹാമിഷ് മക്കിന്റയർ അഭിപ്രായപ്പെട്ടു. കൃഷി, മത്സ്യബന്ധന മേഖലകൾക്കായി പ്രത്യേക ഇന്ധന നയം രൂപീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇന്ധന വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ രാജ്യത്തെ ഭക്ഷ്യശൃംഖല കടുത്ത സമ്മർദ്ദത്തിലാകുമെന്ന് ആർ.എം.എ.സി മുന്നറിയിപ്പ് നൽകി

