കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് കേസ്. പൊലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി എസ്ഐ എം സി പവനാണ് അന്വേഷണ ചുമതല.
യുവതിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച തുണിക്കഷ്ണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് കഷ്ണം തുണിയാണ് ശരീരത്തില്‍ നിന്ന് ലഭിച്ചത്. ഇതില്‍ ഒന്ന് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു.

