മെൽബൺ: മെൽബണിലെ പ്രശസ്തമായ ‘ലവ് മെഷീൻ’ നൈറ്റ് ക്ലബ്ബിൽ ഇന്ന് പുലർച്ചെയുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കെട്ടിടം പൂർണ്ണമായും തകർന്നു. പുലർച്ചെ രണ്ട് മണിയോടെ മാൽവെൺ റോഡിലെ ക്ലബ്ബിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പട്രോളിംഗ് സംഘമാണ് വിവരം പുറംലോകത്തെ അറിയിച്ചത്. അക്രമിസംഘം കാർ ഉപയോഗിച്ച് ക്ലബ്ബിന്റെ മുൻവാതിൽ ഇടിച്ചുതകർക്കുകയും തുടർന്ന് അകത്ത് ഇന്ധനം ഒഴിച്ച് തീയിടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് 20 ലിറ്ററിന്റെ രണ്ട് ജെറിക്കാനുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തീപിടുത്തത്തിന് തൊട്ടുമുൻപായി ഒരു ഹാച്ച്ബാക്ക് കാർ വേഗത്തിൽ ഓടിച്ചുപോകുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. 45 അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് ഒന്നാം നിലയിലെ തീ നിയന്ത്രണവിധേയമാക്കിയത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ലൈസൻസ് പ്രശ്നങ്ങളെത്തുടർന്ന് ക്ലബ്ബ് അടച്ചിട്ടിരുന്നതിനാൽ അപകടസമയത്ത് ഉള്ളിൽ ആരും ഉണ്ടായിരുന്നില്ല. എന്നാൽ സമീപത്തെ ഹെയർ സലൂൺ, ഡെന്റിസ്റ്റ് ക്ലിനിക്ക് തുടങ്ങിയ സ്ഥാപനങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.
സംഘടിത കുറ്റവാളി സംഘങ്ങളുമായും ബൈക്ക് ഗ്യാങ്ങുകളുമായും ഈ ക്ലബ്ബിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. മുൻപും പലതവണ ക്ലബ്ബിന് നേരെ അക്രമങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഈ ക്ലബ്ബിന് മുന്നിലുണ്ടായ വെടിവെപ്പിൽ വെസ്റ്റേൺ ബുൾഡോഗ്സ് താരം ജമാറ ഉഗ്ലെ ഹഗൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിലവിൽ ക്ലബ്ബ് പരിസരം പോലീസ് വളഞ്ഞിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ആക്ടിംഗ് ഇൻസ്പെക്ടർ കിം ബ്രാംവെൽ വ്യക്തമാക്കി.

