ഉണ്ണിയുടെ അച്ഛൻ രണ്ടാമത് മരിച്ചപ്പോൾ ഞങ്ങളാരും പോയില്ല. കാരണം അതൊരു ഞായറാഴ്ചയായിരുന്നു. കോളേജ് മുടക്കുമായിരുന്നു.
ആദ്യം മരിച്ചത് ഒരു വെള്ളിയാഴ്‌ചയായിരുന്നു. ആരാണ് ആ വാർത്ത കൊണ്ടുവന്നതെന്നു അന്നും ഇന്നും ആർക്കുമറിയില്ല. അതിന്റെ ഉടമസ്ഥാവകാശം എന്തുകൊണ്ടോ ആരും
ഏറ്റെടുക്കാനും തയ്യാറായില്ല.
എന്തായാലും തീ പടരുന്നത് പോലെയാണ് ആ വാർത്ത ക്ലാസ്സിൽ പടർന്നത്. കേട്ടവർ കേട്ടവർ ബുക്ക് മടക്കി പോകാൻ തയ്യാറായി. സ്കൂൾ തലം മുതൽ ഡിഗ്രി വരെ എന്റെ ഒപ്പം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഉണ്ണിയും ഞാനുമായി ഒരു ” എടാ പോടാ ” ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് പോകുന്ന കാര്യത്തിൽ എനിക്ക് രണ്ടാമത് ഒരാലോചന വേണ്ടിവന്നില്ല.പ്രിൻസിപ്പാലിനോട് അനുവാദം വാങ്ങിയോ അതോ ക്ലാസ്സ് കട്ട് ചെയ്തോ ഒന്നും ഇന്നോർമ്മയില്ല. രണ്ടു ജീപ്പുകളും ഒരു കാറും യാത്രയ്ക്കായി ഒരുക്കി.. ( ഒരു വെയിറ്റ് ഒക്കെ വേണ്ടേ എന്ന് കരുതി കുറച്ച് പേര് റീത്തുമായി കാറിൽ വരാമെന്നു തീരുമാനിക്കുകയായിരുന്നു.)
മരണ വീട്ടിലേക്കാണെങ്കിലും ഇതുപോലൊരു ഉല്ലാസയാത്ര ഞാനെന്റെ ജീവിതത്തിൽ ഇന്നുവരെ നടത്തിയിട്ടില്ല. ശരിക്കും ഒരു വിനോദ യാത്ര.
പച്ചപുതച്ച നേൽപ്പാടത്തിന് നടുവിലൂടെ, പിന്നെ ചെറിയ കുന്നും മലയുമൊക്കെ കടന്നു, കാറ്റിലിളകിയാടുന്ന റബ്ബർ മരച്ചില്ലകളുടെ “കലപില ” യൊക്കെ കേട്ട്, അന്ന് മൊബൈൽ ഇല്ലാതിരുന്നത് കൊണ്ട് ആരും ഫോട്ടോ എടുത്തില്ല. മതിൽ കെട്ടിയ വലിയ കിണറിനടുത്തു വണ്ടി നിറുത്തി, കുത്തനെയുള്ള കുറെ പടവുകൾ കയറി ചെന്നാൽ ഉണ്ണിയുടെ വീടായി.. ഉണ്ണിയുടെ വീട്ടിൽ നിന്നു രണ്ടു പൂച്ചകളും ഒരു വളർത്തു നായയും വന്ന് ഞങ്ങളെ ആനയിച്ചു. മുറ്റത്ത് അവിടവിടെയായി നാലഞ്ച് പേര് കൂടിനിന്നു എന്തൊക്കെയോ സംസാരിക്കുന്നു.
ഞങ്ങളെ കണ്ട ഉണ്ണി ഒരു ചെറിയ ചിരിയോടെ പുറത്തേക്കിറങ്ങി വന്നു. അച്ഛൻ മരിച്ചു കിടക്കുമ്പോൾ ചെറുതായിട്ടാണെങ്കിലും ഇങ്ങനെ ചിരിക്കാമോ എന്ന് ഞാൻ വിഷമിച്ചു. പിന്നെ ഞാനോർത്തു, ആൺകുട്ടികൾ കരയില്ലായിരിക്കും.
ഒരുകട്ടിലിൽ വെള്ളപുതപ്പു പുതച്ച് ഉണ്ണിയുടെ അച്ഛൻ നിശ്ചലനായി കിടക്കുന്നു.
മരിച്ചു ചൂടാറാത്തതു കൊണ്ടാവും നിലവിളക്കോ നാമ ജപമോ ഒന്നുമില്ല. ഇടതു കാൽ അൽപ്പം ഉയർന്നിരിക്കുന്നു. കട്ടിലിനു ചുറ്റുമിരിക്കുന്നവർ കരയാൻ കാത്ത് അക്ഷമയോടെ ഇരിക്കുന്നത് പോലെ തോന്നിയോ ?
പെട്ടെന്നായിരുന്നു അത്. ഉണ്ണിയുടെ മരിച്ചുകിടക്കുന്ന അച്ഛൻ കൂർക്കം വലിക്കുന്നതുപോലെ ഒരു ഒച്ച കേൾപ്പിച്ചിട്ടു ഇടതുകാൽ താഴ്ത്തി വച്ച് വീണ്ടും നിശ്ചലനായി. വേഗം പുറത്തുവരാനുള്ള അറിയിപ്പ് മരണ വാർത്തയെക്കാൾ സ്പീഡിൽ ഓരോരുത്തരുടെയും ചെവിയിൽ
എത്തി. ഞങ്ങൾ ജീപ്പിനടുത്തെത്തിയപ്പോഴേക്കും റീത്തുമായി വന്നവരുടെ കാറെത്തി. ഞങ്ങളോടിച്ചെന്നവരോട് ആള് മരിച്ചിട്ടില്ല, റീത്തു പുറത്തെടുക്കാതെ വേഗം സ്ഥലം വിടാമെന്ന് പറഞ്ഞ് അപ്പോൾ തന്നെ തിരിച്ചു.
പിന്നെ ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ ഉണ്ണിയുടെ അച്ഛൻ ശരിക്കും മരിച്ചു. സഞ്ചയനം കഴിഞ്ഞു ഉണ്ണിവന്നപ്പോൾ ഇക്കാര്യം അറിഞ്ഞ അവന്റ മുഖത്തെ സ്ഥായിയായ ചിരി ഇന്നും മനസ്സിലുണ്ട്.
മരണത്തെക്കുറിച്ച് അത്ര ആഴത്തിലൊന്നും മനസ്സിലാക്കാത്ത ചപല കൗമാരത്തിന്റെ അറിവില്ലായ്മയായിരിക്കാം ആ സംഭവത്തിന് പിന്നിലെന്നു ഇപ്പോൾ ഓർത്തുപോകുന്നു.
പിന്നീടൊരിക്കലും അതുവഴി പോയിട്ടില്ലെങ്കിലും മാമ്പൂ മണമൊഴുകുന്ന
തൊടിയും, വരമ്പത്തു കൊറ്റികൾ കൂനി നിൽക്കുന്ന പച്ച വിരിച്ച നെൽപ്പാടവും പിന്നെ ഞങ്ങളെ വരവേറ്റ റബ്ബർ മരച്ചില്ലകളുടെ കലപില ആരവവും ഈ ചിരിയോർമ്മയോ ടൊപ്പം മായാതെ മനസ്സിലുണ്ട്.


