ആഡംബര കാറുകൾ ഇന്ത്യയിൽ പലതരമുണ്ടെങ്കിലും ത്രീ-സ്റ്റാർ എംബ്ലത്തിൻ്റെ പവർ ഒന്ന് വേറെ തന്നെയാണ്.സ്വന്തമായി ആനയുണ്ടെന്ന് പറയുന്നതുപോലെയാണ് വീട്ടിൽ ഒരു ബെൻസുള്ളതിൻ്റെ ഗമ.അതിനാൽ തന്നെ ഇന്ത്യക്കാരോട് ജർമൻ വാഹന നിർമാതാക്കൾക്ക് പ്രത്യേകമൊരു അടുപ്പവുണ്ട്.
സിനിമാക്കാരുടെയും കോടീശ്വരൻമാരുടെയും പ്രിയങ്കരനായ മെർസിഡീസ് ഇപ്പോഴിതാ ഇന്ത്യൻ വിപണിക്കായി ഏറ്റവും പുതിയ 2026 മെയ്ബാക്ക് GLS എസ്‌യുവി (Mercedes Maybach GLS) പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
മെർസിഡീസ് ബെൻസ് തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ മെയ്ബാക്ക് എന്ന പ്രത്യേകതയോട് കൂടിയാണ് അത്യാഡംബര മോഡൽ കടന്നുവരുന്നത്.മെർസിഡീസ് ബെൻസിൻ്റെ പൂനെ പ്ലാൻ്റിലാവും ഈ അൾട്രാ ലക്ഷ്വറി എസ്‌യുവി ഇനി പണികഴിപ്പിക്കുക. ഇതോടെ യുഎസിന് പുറത്ത് GLS നിർമിക്കുന്ന ആദ്യ വിപണിയായി ഇന്ത്യ മാറും. മെയ്‌ഡ് ഇൻ ഇന്ത്യ മെയ്ബാക്ക് GLS മോഡലിന് 2.75 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ഇതോടൊപ്പം ബെൻസ് ഇന്ത്യയിൽ മെയ്‌ബാക്ക് GLS സെലിബ്രേഷൻ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്.
ഈ സ്പെഷ്യൽ എഡിഷന് 4.10 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഏറെ പരിചിതമായ അതേ രൂപം തന്നെയാണ് മെയ്‌ഡ് ഇൻ ഇന്ത്യ മെയ്ബാക്ക് GLS എസ്‌യുവി പിന്തുടരുന്നത്.
മെയ്‌ബാക്ക് GLS എസ്‌യുവിയിൽ ഡ്യുവൽ 12,3 ഇഞ്ച് സ്‌ക്രീനുകളും ഗ്ലോസ്-ബ്ലാക്ക് ഘടകങ്ങളുള്ള 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. ഇതൊരു 5 സീറ്റർ മോഡലായാണ് മെർസിഡീസ് ബെൻസ് പണികഴിപ്പിച്ചിരിക്കുന്നത്. ലെതറെറ്റ് അപ്ഹോൾസ്റ്ററി, റിയർ സീറ്റിലെ യാത്രക്കാർക്കായി രണ്ട് 11.6 ഇഞ്ച് ഡിസ്‌പ്ലേകൾ, ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ, പനോരമിക് സൺറൂഫ്, പവർഡ് സൺബ്ലൈൻഡുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, 29-സ്പീക്കർ ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, രണ്ട് വയർലെസ് ഹെഡ്‌സെറ്റുകൾ എന്നീ ഫീച്ചറുകളും ലഭിക്കുന്നതാണ്.
ട്രാൻസ്പാരൻ്റ് ബോണറ്റ് ഫംഗ്ഷനോടുകൂടിയ 360-ഡിഗ്രി ക്യാമറ, ഓട്ടോ പാർക്കിംഗ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ADAS സ്യൂട്ട് എന്നിവയാണ് വാഹനത്തിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ.മെയ്ബാക്ക് GLS എസ്‌യുവിക്ക് 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 557 bhp പവറിൽ പരമാവധി 770 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓൾവീൽ ഡ്രൈവ് സംവിധാനവുമുള്ള ബെൻസിന് വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. 250 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.

