വാഷിങ്ടൻ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ മാരകമായ പ്രഹരമേൽപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മേഖലയിലെ ക്രിസ്ത്യൻ വിശ്വാസികളെ ലക്ഷ്യം വെച്ചുള്ള ഭീകരരുടെ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ സൈനിക നടപടിയെന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ആക്രമണ വിവരം പുറത്തുവിട്ടത്. കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ തന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ‘Department of War’ നിരവധി പെർഫെക്റ്റ് സ്ട്രൈക്കുകൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. “ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നരകം അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ ഇവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാത്രി അത് സംഭവിച്ചു,” ട്രംപ് കുറിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

