ഓസ്‌ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ കാർ ഇനി ‘എംജി 3’; വൻ വിലക്കിഴിവുമായി എംജി മോട്ടോഴ്സ്

സിഡ്‌നി: ഓസ്‌ട്രേലിയൻ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ‘എംജി 3’-യുടെ (MG 3) വില കുറച്ച് എംജി മോട്ടോഴ്സ്. വിപണിയിൽ നിലവിലുള്ള ഏറ്റവും വിലകുറഞ്ഞ പുതിയ കാർ എന്ന പദവി ഇതോടെ എംജി 3 തിരിച്ചുപിടിച്ചു. ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് 1000 ഡോളറിന്റെ പ്രത്യേക വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചത്.

പുതിയ പരിഷ്കാരം അനുസരിച്ച് എംജി 3-യുടെ അടിസ്ഥാന മോഡലായ ‘വൈബ്’ (Vibe) ഇനി മുതൽ 20,990 ഡോളറിന് (Drive-away price) സ്വന്തമാക്കാം. 2026 ഫെബ്രുവരി 28 വരെയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാവുകയെന്നും കമ്പനി അറിയിച്ചു.

നിലവിൽ എംജിയുടെ പ്രധാന എതിരാളിയായ കിയ പിക്കാൻഡോയുടെ (Kia Picanto) വില എംജിയേക്കാൾ കൂടുതലാണ്. പിക്കാൻഡോയുടെ മാനുവൽ മോഡലിന് ഏകദേശം 22,140 ഡോളറും ഓട്ടോമാറ്റിക് മോഡലിന് 23,240 ഡോളറുമാണ് ഓസ്‌ട്രേലിയൻ നിരത്തിലിറങ്ങുമ്പോൾ വരുന്നത്. കൂടാതെ, ഇലക്ട്രിക് വിപണിയിലെ വിലകുറഞ്ഞ മോഡലായ ‘ബി വൈ ഡി ആറ്റോ 1’ (BYD Atto 1)-ന് 23,990 ഡോളറാണ് ഷോറൂം വില. മസ്ദ 2, സുസുക്കി സ്വിഫ്റ്റ്, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകൾക്കെല്ലാം എംജിയേക്കാൾ ഉയർന്ന വിലയാണ് നിലവിലുള്ളത്.

കഴിഞ്ഞ വർഷം വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ‘ലൈറ്റ് കാർ’ എംജി 3 ആയിരുന്നെങ്കിലും, വിൽപനയിൽ ഏകദേശം 33.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കടുത്ത മത്സരമുള്ള ചെറുകാർ വിപണിയിൽ നഷ്ടപ്പെട്ട വിഹിതം തിരിച്ചുപിടിക്കാനാണ് കമ്പനി ഈ വൻ വിലക്കിഴിവിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാർക്കും കുറഞ്ഞ ബജറ്റിൽ കാർ ആഗ്രഹിക്കുന്നവർക്കും എംജിയുടെ ഈ നീക്കം വലിയ അനുഗ്രഹമാകും

Leave a Reply

Your email address will not be published. Required fields are marked *