ചെറുകിട സംരംഭകര്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണയുടെ സാക്ഷ്യമായി ആരോഗ്യകരമായ വിജയവഴിയില്‍ ഏറ്റുമാനൂരിലെ അര്‍ച്ചനാസ് മില്ലറ്റ് കഫേ. ചെറു ധാന്യങ്ങള്‍ കൊണ്ടുള്ള പലഹാരങ്ങളും പാനീയങ്ങളുമായി പുതിയൊരു ആരോഗ്യശീലത്തിനും വഴിയൊരുക്കുകയാണ് ഏറ്റുമാനൂര്‍ കിസ്മത് പടിയിലുള്ള കഫേ.
കാര്‍ഷിക-കര്‍ഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ 2025 ജൂലൈയില്‍ ആണ് അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ മില്ലറ്റ് കഫേ ആരംഭിച്ചത്. കൃഷിവകുപ്പിന്റെ 2023ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപയാണ് സഹായമായി നല്‍കിയത്.വകുപ്പിന്റെ പിന്തുണയോടെ ജില്ലയില്‍ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ ആറുമാസം കൊണ്ടു കൈവരിച്ച ലാഭം ആറുലക്ഷം രൂപയാണ്.


ചോറും കഞ്ഞിയും ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഉള്‍പ്പെടെ പോഷകസമൃദ്ധവും വൈവിധ്യവുമാര്‍ന്ന മില്ലറ്റ് വിഭവങ്ങളാണ് കഫേ ഒരുക്കുന്നത്.മില്ലറ്റ് ചോറ്്, ഉപ്പുമാവ്, കഞ്ഞി, മില്ലറ്റ് ഷെയ്ക്ക്, മില്ലറ്റ് റോള്‍, സ്പ്രിംഗ് റോള്‍,കട്ട്ലറ്റ്,സമൂസ, മോമോസ്, റാഗി അട, കൊഴുക്കട്ട, റാഗി നെയ്യപ്പം, മില്ലറ്റ് പായസം പായസം എന്നിവയാണ് മെനുവിലുള്ളത്. പായസത്തിനും കഞ്ഞിക്കുമാണ് ആവശ്യക്കാരേറെയുള്ളത്. റാഗി, മണിചോളം, ചാമ, കമ്പ്, തിന, വരഗ്, പനിവരഗ്, തിരവാലി, മലഞ്ചാമ,കുതിരവാല് തുടങ്ങിയ ചെറുധാന്യങ്ങളുപയോഗിച്ചാണ് ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നത്.
മില്ലറ്റ് കഞ്ഞിക്ക് 70 രൂപയും പായസത്തിന് കപ്പ് ഒന്നിന് 40 രൂപയും ചെറുകടികള്‍ക്ക് 15 മുതല്‍ 30 രൂപ വരെയുമാണ് വില.രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തനം.അത് രാത്രി പത്തുവരെയാക്കാനും,അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഹോം ഡെലിവറി സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്.
എല്ലാ സഹായങ്ങളും നിര്‍ദേശങ്ങളും നല്കി ഏറ്റുമാനൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ജ്യോതിയും കൃഷി ഓഫീസര്‍ ജ്യോത്സന കുര്യനും കഫേയ്ക്ക് ഒപ്പമുണ്ട്.ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം പാരമ്പര്യധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയും കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് ജില്ലാ കൃഷി ഓഫീസര്‍ സി. ജോ ജോസ് പറഞ്ഞു.

