മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ പോഷകങ്ങളുടെ കലവറ

കാലവും,ജീവിത ശൈലിയും മാറിയതോടെ  ആരോഗ്യം രോഗത്തിന് വഴിമാറി.തിരക്കുപിടിച്ച യന്ത്രവല്‍കൃത ജീവിതത്തില്‍ ശാരീരിക വ്യായാമത്തിനുള്ള അവസരം കുറഞ്ഞതും ഭക്ഷണത്തിന്റെ ധാരാളിത്തവും മൂലം പൊണ്ണത്തടി,പ്രമേഹം എന്നിവ സര്‍വ സാധാരണയായി .ഭക്ഷണ കാര്യത്തില്‍ നാം ഒട്ടും ആരോഗ്യകരമല്ലാത്ത സംസ്‌കാരമാണ് നാം പിന്തുടരുന്നത്. ഇന്ത്യയില്‍ പ്രധാന ഭക്ഷ്യധാന്യം അരിയോ ഗോതമ്പോ ആണ്,ഇതിലാകട്ടെ  കൂടുതലും അടങ്ങിയിട്ടുള്ളത് കാര്‍ബോഹൈഡ്രേറ്റുകളെന്ന അന്നജമാണ്.ഈ സാഹചര്യത്തിലാണ് മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ ഭക്ഷണശീലമാക്കുന്നതിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്.മില്ലെറ്റുകള്‍ ഗോതമ്പിനെയും അരിയെയും അപേക്ഷിച്ച് പോഷക സമൃദ്ധമാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും ഉപകരിക്കും.

പോഷകങ്ങളുടെ കലവറയായി അറിയപ്പെടുന്ന മുഖ്യ ഭക്ഷ്യങ്ങളാണ് ചെറുധാന്യങ്ങള്‍.രോഗ പ്രതിരോധശേഷി കൂട്ടുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യുന്നു.പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, കാല്‍സ്യം,ഇരുമ്പ്,പൊട്ടാസ്യം,മഗ്നീഷ്യം,ഭക്ഷ്യയോഗ്യമായ നാരുകള്‍ (ഫൈബറുകള്‍) എന്നിവ ചെറു ധാന്യങ്ങളിലുണ്ട്.ചെറു ധാന്യങ്ങള്‍ ദിവസവും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യകരമായ ജനതയെ സൃഷ്ടിക്കും.

മില്ലെറ്റുകളില്‍ കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട് എന്നാല്‍ അരിഭക്ഷണം പോലെ പെട്ടെന്ന് ദഹിച്ച് കൂടുതല്‍ ഗ്ലൂക്കോസ് രക്തത്തിലേക്ക് മില്ലെറ്റുകള്‍ കടത്തിവിടുന്നില്ല.സാവധാനം മാത്രമേ മില്ലെറ്റുകള്‍ രക്തത്തിലേക്ക് ഗ്ലൂക്കോസിനെ ലയിപ്പിക്കുന്നൊള്ളൂ എന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ചെറു ധാന്യങ്ങള്‍ ഉപയോഗിക്കാനാകുന്നു.ഫൈബറുകളുടെ അളവ് കൂടുതലായതിനാല്‍ കൊളസ്‌ട്രോള്‍ നില കുറയ്ക്കുകയും ചെയ്യും.ഹൃദ്രോഗത്തില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രാജ്യമായി മാറിയിരിക്കുകയാണ്. ചെറുധാന്യങ്ങള്‍ പതിവാക്കിയാല്‍ ഹൃദ്രോഗബാധ സാധ്യത കുറയുമെന്നാണ് പഠനങ്ങള്‍.

ദഹന സംബന്ധമായ അസുഖങ്ങള്‍,വായുക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്കും ചെറുധാന്യങ്ങള്‍ അനുയോജ്യ ഭക്ഷണമാണ്. ചെറുകുടല്‍ പുണ്ണ്,മലബന്ധം എന്നിവയുള്ളവര്‍ക്കും ഇതു ഗുണം ചെയ്യും.ഗോതമ്പുകളില്‍ കാണപ്പെടുന്ന ഗ്ലൂട്ടണ്‍ മില്ലെറ്റുകളില്ലാത്തതിനാല്‍ അലര്‍ജി,ആമാശയ സംബന്ധമായ അസുഖമുള്ളവര്‍ക്കും ചെറുധാന്യങ്ങള്‍ ശീലമാക്കാം.

നമ്മള്‍ കഴിക്കാതെ പക്ഷികള്‍ക്കും മറ്റും നല്‍കാറുള്ള തിനയില്‍ കാല്‍സ്യവും ധാതു ലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.വാതരോഗികള്‍, എല്ലുകളിലും സന്ധികളിലും വേദനയുള്ളവര്‍ നീര്‍ക്കെട്ടുള്ളവര്‍ എന്നിവര്‍ക്ക് മില്ലെറ്റുകള്‍ ഔഷധം പോലെ പ്രവര്‍ത്തിക്കുന്ന ഭക്ഷണമാണ്. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍   ഇവയിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളായ പോളിഫിനോളുകള്‍ സഹായിക്കും. ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും അതുവഴി മസ്തിഷ്‌കത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യാന്‍ ചെറുധാന്യങ്ങളുടെ ഉപയോഗം സഹായിക്കും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെറുധാന്യങ്ങള്‍ പോഷകമുള്ള ഭക്ഷ്യമാണ്. വിളര്‍ച്ച ഒഴിവാക്കാന്‍ ഇവ സഹായിക്കും. കൂവരക്,കോഡോ മില്ലെറ്റുകളില്‍ പോഷകങ്ങളുടെ കവലറ തന്നെയുണ്ട്.തൃപ്തികരമായ ആരോഗ്യത്തിനും രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും നല്ല ഭക്ഷണ രീതി തിരയുമ്പോള്‍ അത് നമുക്ക് മുന്നില്‍ തന്നെയുണ്ട് എന്നതാണ് വസ്തുത.പൂര്‍വീകര്‍ കഴിച്ച ഭക്ഷണങ്ങളില്‍  പലതും നമുക്കിപ്പോള്‍ രുചി തോന്നുന്നില്ല.

ഹൃദ്രോഗം,പ്രമേഹം, കൊളസ്‌ട്രോള്‍,ദഹനപ്രശ്‌നങ്ങള്‍,കാന്‍സര്‍ തുടങ്ങി ഇന്നു നേരിടുന്ന രോഗങ്ങളുടെ പ്രതിവിധി കൂടിയാണ് ചെറുധാന്യങ്ങള്‍.പുതു തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഇവ അവതരിപ്പിക്കാനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും തയാറാവുകയാണ് നമ്മള്‍ ചെയ്യേണ്ടത്.ഉപഭോക്താവിനും പ്രകൃതിക്കും കൃഷിക്കാരനും ഒരുപോലെ പ്രയോജനപ്രദവുമാണ് മില്ലെറ്റുകള്‍.ഭക്ഷ്യവൈവിധ്യവും കാര്‍ഷിക വൈവിധ്യവും ആരോഗ്യകരമായ ജനതയെയും സൃഷ്ടിക്കാന്‍ ചെറുധാന്യങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുവഹിക്കാന്‍ കഴിയും. റേഷന്‍ കടകളിലൂടെ ഗോതമ്പിന് പകരം മുത്താറി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.അത്തരം സാഹചര്യങ്ങളില്‍ അവ ഉപയോഗി ക്കാനും അതിന്റെ നേട്ടങ്ങള്‍ അറിയാനും കഴിയണം.രുചികരമായ ചെറുധാന്യങ്ങളുടെ വിഭവങ്ങള്‍ കൂടി തീന്‍ മേശയിലെ ത്തിയാല്‍  മില്ലെറ്റുകള്‍ നമ്മുടെ ഭക്ഷ്യ വിപണി കീഴടക്കും.ന്യായമായ വിലക്ക് മില്ലറ്റുകള്‍ ലഭ്യമാക്കാനും ഇവയെ കുറിച്ചുള്ള അറിവ് പരത്താനും ബന്ധപ്പെട്ടവര്‍ മുന്നിട്ടിറങ്ങിയെ തീരൂ.അതിഗുരുതര രോഗങ്ങളുടെ പിടിയിലമര്‍ന്ന കേരളത്തിന് അതല്ലാതെ വേറെ വഴിയില്ല

ചെറുധാന്യത്തിന്റെ പ്രസക്തി

ലോക വ്യാപകമായി കാലാവസ്ഥയില്‍ വ്യതിയാനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. അത്തരം അവസ്ഥയില്‍ ഏതു കാലാവസ്ഥാ വ്യതിയാനത്തെയും വെല്ലുവിളിച്ചു വളരാനുള്ള കഴിവ് ചെറുധാന്യങ്ങളുടെ പ്രസക്തിയേറ്റുന്നു. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമല്ല, ലോകത്തിനാകെ ഭക്ഷ്യ സുരക്ഷയും പോഷകസമൃദ്ധിയും നല്‍കാന്‍ പോന്നവയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാവപ്പെട്ടവരുടെ ഭക്ഷണമായി പരിഗണിക്കപ്പെടുകയും ഇപ്പോള്‍ സൂപ്പര്‍ ഫുഡ് ആയി മാറുകയും ചെയ്ത ചെറുധാന്യങ്ങള്‍.

 മില്ലറ്റ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ധാന്യങ്ങളില്‍ റാഗി മാത്രമേ ഇന്നു മലയാളികള്‍ക്കു പരിചയം ഉള്ളൂ.അതും, കുഞ്ഞുങ്ങള്‍ക്കു കുറുക്കിക്കൊടുക്കുന്നതുകൊണ്ടും, പ്രമേഹരോഗികള്‍ക്ക് ഭക്ഷണമായതുകൊണ്ടും, മള്‍ട്ടിഗ്രെയിന്‍ ആട്ട എന്ന പേരില്‍ ലഭിക്കുന്ന ഗോതമ്പു മാവ് കൂട്ടിലും മറ്റും ഉള്ളതുകൊണ്ടും മാത്രം.

തിനയും ചാമയുമൊക്കെ ലവ് ബേര്‍ഡ്സിനുള്ള ആഹാരമെന്ന അറിവേ നമുക്കുള്ളൂ.ക്ഷാമം വന്ന കാലങ്ങളില്‍ ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിച്ച ബദല്‍ ധാന്യങ്ങളില്‍ ഒന്നായിരുന്നു ചാമ. ക്ഷാമകാലത്തു ചാമക്കഞ്ഞി കുടിച്ചവരുടെ തലമുറയില്‍പ്പെട്ട ചിലരൊക്കെ ഇന്നും നമുക്കിടയില്‍ ഉണ്ട്.ഗ്ലൂട്ടന്‍ അലര്‍ജിയും സിലിനാക്കു രോഗവും ഉള്ളവര്‍ക്ക് ഗോതമ്പിന്റെ ഒരു ഇനവും ഭക്ഷിക്കാന്‍ കഴിയില്ല.അത്തരം ആളുകള്‍ക്ക് ഉത്തമമായ ബദല്‍ ധാന്യം കൂടിയാണ് മില്ലറ്റുകള്‍.എന്നാല്‍ ഈ ഗുണഗണങ്ങള്‍ ഒക്കെയുണ്ടായിട്ടും ചെറുധാന്യങ്ങള്‍ വേണ്ടവിധം പരിഗണി ക്കപ്പെടുന്നില്ല. 

ചെറു ധാന്യങ്ങളുടെ പോഷക ഗുണങ്ങള്‍

1. മില്ലറ്റുകള്‍ തവിടോട് കൂടിയ ധാന്യങ്ങളായതിനാല്‍ നാരിന്റെ അംശം കൂടുതലാണ്.

2. മില്ലറ്റുകള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്.

3. പുളിപ്പിച്ച ചെറുധാന്യങ്ങള്‍ പ്രോബയോട്ടിക് ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു.

4. കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും നല്ലതാണ്.

5. ചെറു ധാന്യങ്ങളില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

6. ”ഗ്ലൂട്ടന്‍ ഫ്രീ’ യാണ് ചെറു ധാന്യങ്ങള്‍  പലര്‍ക്കും ഗ്ലൂട്ടന്‍ അലര്‍ജി കാരണം ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ കഴിക്കാന്‍ സാധിക്കില്ല. അക്കൂട്ടര്‍ക്ക് ”ഗ്ലൂട്ടന്‍ രഹിതമായ’ ചെറുധാന്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

7. ചെറു ധാന്യങ്ങളില്‍ ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവായത് കൊണ്ട് പ്രമേഹം, പൊണ്ണത്തടി മുതലായ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്ക് ധാന്യങ്ങള്‍ക്ക് പകരമായി ആഹാരത്തിലുള്‍പ്പെടുത്താവുന്നതാണ്.

8. ചെറുധാന്യങ്ങള്‍ പാകം ചെയ്യുന്നതിന് മുന്പ് 6-8 മണിക്കൂര്‍ കുതിര്‍ത്ത് വെച്ച് ഉപയോഗിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യുന്നതിനും സഹായകമാകുന്നു.

ഇനി ആരോഗ്യസമ്പുഷ്ടമായ ചെറുധാന്യങ്ങള്‍ ഏതൊക്കെയൊന്നു കാണാം

തിന

തിനയാണ് ചെറുധാന്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിന് വളരെയധികം പങ്കു വഹിക്കുന്നു.  പ്രോട്ടീനും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ തിന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചീത്ത (എല്‍ഡിഎല്‍) കൊളസ്ട്രോളിന്റെ അളവ് കുറയുകയും ശരീരത്തിലെ നല്ല കൊളസ്ട്രോള്‍  (എച്ച്ഡിഎല്‍) വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇരുമ്പ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമായതിനാല്‍ ഇത് ആരോഗ്യകരമായ രക്തത്തിന്റെ അളവ് നിലനിര്‍ത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് സ്ഥിരമായി തിന കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിത ശൈലി രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

റാഗി

റാഗിയാണ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമൃതിന്റെ ഗുണം ചെയ്യുന്ന ചെറുധാന്യങ്ങളില്‍ ഒന്ന്. ഇതില്‍ ധാരാളം പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഗ്ലൂറ്റന്‍ രഹിത ധാന്യമാണിത് എന്നതുകൊണ്ട് തന്നെ ഇത് കുട്ടികളുടെ വളര്‍ച്ചയെ പ്രോത്സാഹി പ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കുട്ടികള്‍ക്ക് ആറ്മാസം കൂടുമ്പോള്‍ തന്നെ കുറുക്ക് ആക്കി കൊടുക്കാറുണ്ട്. അത്രക്ക് ഗുണങ്ങളാണ് ഇത് നല്‍കുന്നത്. പ്രമേഹത്തെ കുറക്കുന്നതിന് ഇനി സംശയിക്കാതെ കഴിക്കാവുന്നതാണ് റാഗി എന്നത് മറക്കേണ്ടതില്ല.

ബജ്‌റ

ബജ്‌റ  ചെറുധാന്യങ്ങളില്‍ അല്‍പം സ്‌പെഷ്യലാണ്. കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമൃദ്ധമായ ബജ്‌റ മൊത്തത്തിലുള്ള ആരോഗ്യം ഉയര്‍ത്തുന്നതില്‍ വിലപ്പെട്ടതാണ്. ധാരാളം പ്രോട്ടീനും ഡയറ്ററി ഫൈബറും പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ പരിഹരിക്കുന്നതിന് വേണ്ടി ബജ്‌റ ഒരു സ്ഥിരം ഭക്ഷണമാക്കാവുന്നതാണ്. ഇത്  ശരീരത്തിലെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ചാമ

 ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചാമ.കാരണം ഇത് എല്ലാ ഫിറ്റ്നസ് പ്രേമികള്‍ക്കും ഒരു മികച്ച ഓപ്ഷനാണ്, ഇത് അരിയുടെ പകരമായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ നാരുകളും ധാതുക്കളും അടങ്ങിയ ചാമയില്‍ വിറ്റാമിന്‍ ബി 3യും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ഇല്ലാതാക്കുന്നതിന്, കോശങ്ങളുടെ ആരോഗ്യത്തിന്, കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഊര്‍ജ്ജ ഉല്‍പ്പാദനത്തിനും ചാമ സഹായിക്കുന്നുണ്ട്

മില്ലറ്റ് വര്‍ഷം

പോഷകാഹാര സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദകൃഷിമന്ത്രാലയം 2018 വര്‍ഷം ”മില്ലറ്റ് വര്‍ഷ’മായി പ്രഖ്യാപിച്ചിരുന്നു.നാഷണല്‍ ഫുഡ് സെക്യൂരിറ്റി മിഷന്റെ കീഴില്‍ മില്ലറ്റ് മിഷന്‍ അടുത്ത ഏതാനും വര്‍ഷത്തേക്ക് പ്രവര്‍ത്തനവും ആരംഭിച്ചു. ആന്ധ്രപ്രദേശ്, കര്‍ണ്ണാടകം,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം മില്ലെറ്റ് പദ്ധതികള്‍ക്കുവേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒഡീഷയും 100 കോടിരൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കേരളത്തില്‍ ”അട്ടപ്പാടി മില്ലറ്റ് ഗ്രാമം’ പദ്ധതിക്കു തുടക്കമായിട്ടുണ്ട്.ഇന്ത്യ നല്‍കിയ അപേക്ഷ പ്രകാരം ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ.) 2023ല്‍ ‘ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലറ്റ്സ്’ ആഘോഷിക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

പക്ഷികളുടെ തീറ്റ എന്ന മനോഭാവത്തോടെ മാറ്റി നിര്‍ത്തുന്ന ഈ ചെറുധാന്യങ്ങള്‍ ആരോഗ്യവും ദീര്‍ഘായുസും വര്‍ദ്ധിപ്പിക്കും എന്നതിനാല്‍ ഇവയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം

Leave a Reply

Your email address will not be published. Required fields are marked *