പോർട്ട് വില്ല: പസിഫിക് സമുദ്രത്തിലെ വിനോദസഞ്ചാര കേന്ദ്രമായ വാനുവാട്ടുവിലെ ഹവാന ഹാർബറിൽ തകർന്നു വീണ കപ്പലിൽ നിന്ന് രണ്ട് ടണ്ണോളം കൊക്കെയ്ൻ പിടികൂടി. പകുതിയോളം മുങ്ങിയ നിലയിലായിരുന്ന സെയിൽബോട്ടിൽ നിന്നാണ് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വാനുവാട്ടു പോലീസ് കണ്ടെടുത്തത്. ഓസ്ട്രേലിയ ലക്ഷ്യമാക്കിയാണ് ഈ വൻ ലഹരിശേഖരം എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് നിയന്ത്രണം വിട്ട ബോട്ട് നോർത്ത് വെസ്റ്റ് ഇഫാത്തെയിലെ പവിഴപ്പുറ്റിൽ ഇടിച്ചു മറിയുകയായിരുന്നു. അർദ്ധരാത്രിയിൽ ബോട്ട് മണലിൽ നിന്ന് പുറത്തെടുക്കാൻ സഹായം തേടി രണ്ട് വിദേശികൾ ഒരു പ്രദേശവാസിയെ സമീപിച്ചതാണ് കേസിൽ നിർണ്ണായകമായത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബോട്ടിന്റെ ഡെക്കിൽ നിന്ന് 1.6 ടൺ തൂക്കം വരുന്ന വെള്ളപ്പൊടി അടങ്ങിയ ബാഗുകൾ കണ്ടെടുത്തു. ഫോറൻസിക് പരിശോധനയിൽ ഇത് വീര്യം കൂടിയ ശുദ്ധമായ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ലിത്വാനിയൻ സ്വദേശിയെയും ബ്രിട്ടീഷ് പൗരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ഈ ബോട്ടിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഓസ്ട്രേലിയൻ തീരത്ത് എത്തുമ്പോൾ ഇവരെ പിടികൂടാനായിരുന്നു പദ്ധതിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അപ്രതീക്ഷിതമായുണ്ടായ അപകടം മയക്കുമരുന്ന് മാഫിയയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
പസിഫിക് ദ്വീപുകൾ മയക്കുമരുന്ന് കടത്തിന്റെ ഇടനാഴിയായി മാറുന്നതിൽ പ്രാദേശിക നിവാസികൾ വലിയ ആശങ്കയിലാണ്. തങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തിലേക്ക് ഇത്തരം ലഹരി മാഫിയകൾ കടന്നുകയറുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. ഓസ്ട്രേലിയയിലെ ലഹരിമരുന്നിന്റെ അമിതമായ ആവശ്യകതയാണ് പസിഫിക് മേഖലയെ ഇത്തരം ക്രിമിനൽ സംഘങ്ങളുടെ താവളമാക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വാനുവാട്ടു പോലീസും ഓസ്ട്രേലിയൻ ഫെഡറൽ പോലീസും സംയുക്തമായാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്.

