കോട്ടയം : ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കാഴ്ച പരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവര്‍ക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് വാളക്കയം സര്‍വോദയ ഗ്രന്ഥശാലയില്‍ ആരംഭിച്ച സ്ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്ക് സഹായകമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം അവര്‍ക്ക് വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥശാലയ്ക്കു സമീപം നടന്ന ചടങ്ങില്‍ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു.സ്ട്രൈഡ് മേക്കര്‍ സ്റ്റുഡിയോയില്‍ നിര്‍മിച്ച ബ്രെയില്‍ പഠന ഉപകരണങ്ങള്‍ കാളകെട്ടി അസീസി സ്കൂള്‍ ഓഫ് ദ ബ്ലൈന്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന് വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്.സെന്റ് എഫ്രേംസ് കമ്യൂണിറ്റി, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജ് എന്നിവയുടെ പങ്കാളിത്തത്തോടെ കേരള ഡവലപ്മെന്റ് ആന്റ് സ്ട്രാറ്റജിക് കൗണ്‍സില്‍(കെ-ഡിസ്ക്) ആണ് പദ്ധതി നടപ്പാക്കുന്നത്.കാഴ്ചപരിമിതിയുള്ള കുട്ടികളെ സഹായിക്കുന്ന ബ്രെയില്‍ വിദ്യാഭ്യാസ സാമഗ്രികളുടെയും സഹായ ഉപകരണങ്ങളുടെയും നിര്‍മ്മാണം മേക്കര്‍ സ്റ്റുഡിയോയില്‍ നടക്കും.

