നെടുങ്കണ്ടം: കേരളത്തിലെ ടൂറിസം മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനം സർവ്വകാല റെക്കോർഡ് കുറിച്ചതായും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടുക്കിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേടിന്റെ നവീകരണ പ്രവർത്തനങ്ങളുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ടൂറിസം മേഖല ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2025-ൽ മാത്രം 2,58,80,365 (2.58 കോടി) സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.64 ശതമാനവും വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 11.33 ശതമാനവും വർദ്ധനവുണ്ടായി. ലോകരാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളോട് മത്സരിക്കത്തക്ക രീതിയിൽ കേരളം ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാമക്കൽമേട്ടിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിവിധ നവീകരണ പ്രവർത്തനങ്ങൾ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഡി.ടി.പി.സി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി വ്യവസായ സമിതി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിനോദസഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ രാമക്കൽമേട്ടിൽ ഒരുക്കും

