തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ, ശ്വാസതടസത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ വിളപ്പിൽ സ്വദേശി ബിസ്മീർ (37) ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തെ മുൻനിർത്തി ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.
സഭാനടപടികൾ നിർത്തിവച്ചു രണ്ടുമണിക്കൂർ നേരം നടത്തിയ ചർച്ചയ്ക്കൊടുവിൽ വിളപ്പിൽശാലയിൽ ഡോക്ടർമാരുടെ ഭാഗത്ത് യാതൊരുവിധത്തിലുമുള്ള വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രതിരോധ വാദത്തിനിടയിൽ യുഡിഎഫ് കാലത്തെ ആരോഗ്യമന്ത്രിക്കെതിരേ വീണാ ജോർജ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.
ആരോഗ്യ വകുപ്പിന് എന്തു വീഴ്ച പറ്റിയാലും അത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഭരണപക്ഷവും മന്ത്രിയും പറയുന്നതെന്നും ഇത്തരത്തിൽ ആയിരക്കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കേരളത്തിലുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സീതശൻ ചർച്ചയ്ക്കിടയിൽ തുറന്നടിച്ചു. വീഴ്ചകളെ കുറിച്ച് അന്വേഷിക്കാൻ ഇത്രയേറെ ഉത്തരവുകളിട്ട ഒരു ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലില്ല. എന്നാൽ ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. റിപ്പോർട്ടിന്മേൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യ കേരളത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റി ആരോഗ്യവതിയാക്കിയാൽ മാത്രമേ കേരളത്തിലെ പാവങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുകയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിളപ്പിൽശാല ആശുപത്രിയിൽ എത്തിയ രോഗിക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ തന്നെ നൽകിയിരുന്നു.പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറയുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ നിരന്തരമായി ആക്രമിക്കാൻ അവസരം ഒരുക്കരുതെന്നും ഇങ്ങനെയുള്ള പ്രചാരണം അവരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി പറഞ്ഞു.
വിളപ്പിൽശാലയിലെ ബിസ്മീറിന്റെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെയും പാലക്കാട് കൈ മുറിച്ചുമാറ്റേണ്ടി വന്ന പെണ്കുട്ടിയുടെയും വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പ്രതിപക്ഷ നിരയിൽ നിന്നു പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഇവർ സിസ്റ്റത്തിന്റെ ഇരകളാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ബിസ്മീറുമായി ഭാര്യ ആശുപത്രിയിലെത്തിയപ്പോൾ ആശുപത്രിയുടെ ഗ്രിൽ മൂന്ന് പൂട്ടുകളിട്ട് പൂട്ടിയ നിലയിലായിരുന്നു. പട്ടി കയറാതിരിക്കാനാണ് ഗ്രിൽ പൂട്ടിയതെന്നാണ് അധികൃതർ പറയുന്നതെന്നും അതിന് ഒരു സെക്യൂരിറ്റിയെ നിയോഗിച്ചാൽ പോരെയെന്നും വിഷ്ണുനാഥ് ചോദിച്ചു. നിയമസഭയിൽ അടിയന്തര പ്രമേയം എത്തുന്നത് വരെയും ബിസ്മീറിന്റെ കുടുംബത്തെ ആരോഗ്യവകുപ്പിൽനിന്ന് ഒരാൾ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നേരത്തേ സുമയ്യയും ഹർഷീനയും നേരിട്ട ചികിത്സാ പിഴവുകളും വിശദീകരിച്ച വിഷ്ണുനാഥ് ഡോ. ഹാരിസ് ചിറയ്ക്കൽ ഉന്നയിച്ച വിമർശനങ്ങളും സഭയിൽ ആവർത്തിച്ചു. ആരോഗ്യവകുപ്പിൽ കാണുന്നത് അഹങ്കാരവും ആക്ഷേപവും മാത്രമാണെന്നായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെ ഒരു വിഷയത്തിലും തുടർനടപടിയുണ്ടായിട്ടില്ലെന്ന് പി. ഉബൈദുള്ള വിമർശിച്ചു.

