എറണാകുളം: സര്‍ക്കാര്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും ചികിത്സയും രോഗിക്ക് ലഭ്യമാക്കാനാണ് ശ്രമം.ഇതിന്റെ ഭാഗമായി ഒരു വിദഗ്ധ സംഘം രോഗിയെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരുപാട് പേരുടെ പരിശ്രമത്തിലൂടെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ സാധ്യമായത്.സൂപ്പര്‍ സ്പെഷ്യലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ ഓപ്പറേഷന് തിയറ്റര്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമര്‍പ്പണമാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം 300 ഓളം പോലീസുദ്യോഗസ്ഥര്‍ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ഇതിനായി കേരളം കൈകള്‍ കോര്‍ത്തു. പ്രിയപ്പെട്ട ആ മകള്‍ ആരോഗ്യവതിയായി ജീവിതത്തിലേക്ക് നടന്നു വരുന്നതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ടി.ജെ വിനോദ് എം എല്‍ എ യും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

