കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരം കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം വന്ദേഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. ഈ സമയം ടിക്കറ്റ് കൗണ്ടറിന് സമീപം തടിച്ചുകൂടിയ കെ.എസ്.യു പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിക്കുന്നതിനിടെ ഉണ്ടായ ഉന്തിലും തള്ളിലുമാണ് മന്ത്രിക്ക് പരുക്കേറ്റത്. കഴുത്തിന് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ മന്ത്രി ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്.

സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മന്ത്രിക്കെതിരെ നടന്നത് രാഷ്ട്രീയ ആഭാസമാണെന്നും ഇതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇതൊരു ആസൂത്രിത ആക്രമണമാണെന്ന് ആരോപിച്ചു. കേരളത്തിൽ ഒരു വനിതാ മന്ത്രിക്കെതിരെ ഇത്തരമൊരു ആക്രമണം നടക്കുന്നത് ആദ്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരുക്കേറ്റിട്ടില്ലെന്നും ഇത് രാഷ്ട്രീയ നാടകമാണെന്നുമാണ് കെ.എസ്.യു നേതാക്കളുടെ വാദം.

ആരോഗ്യവകുപ്പിലെ വീഴ്ചകൾ ആരോപിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് റെയിൽവേ സ്റ്റേഷനിലും പ്രതിഷേധം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും കെ.എസ്.യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *