കായംകുളത്ത് യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; യുഡിഎഫ് മണ്ഡലം കൺവീനർക്കെതിരെ പ്രതിഷേധം ശക്തം

കായംകുളം: എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധവും വ്യക്തിഹത്യ നടത്തുന്നതുമായ പരാമർശവുമായി യുഡിഎഫ് മണ്ഡലം കൺവീനർ. കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയാണ് വിവാദ പ്രസംഗം നടത്തിയത്. യുഡിഎഫ് കൺവെൻഷനിടെയായിരുന്നു എംഎൽഎയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശങ്ങൾ.വികസന പ്രവർത്തനങ്ങൾ ഒന്നും പറയാനില്ലാത്തതിനാൽ ശരീരത്തിന്റെ അഴകും വാക്ചാതുരിയും വിൽപ്പനയ്ക്ക് വെച്ചാണ് യു. പ്രതിഭ വോട്ട് ചോദിക്കുന്നത് എന്ന രീതിയിലായിരുന്നു ഇർഷാദിന്റെ പ്രസംഗം. എംഎൽഎയുടെ സ്വകാര്യ ജീവിതത്തെയും കുടുംബ പശ്ചാത്തലത്തെയും പ്രസംഗത്തിൽ വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്.തനിക്കെതിരെയുള്ള അധിക്ഷേപത്തിൽ യു. പ്രതിഭ എംഎൽഎ വിതുമ്പിക്കൊണ്ട് പ്രതികരിച്ചു. പൊതുരംഗത്ത് നിൽക്കുന്ന സ്ത്രീകൾ നേരിടുന്ന ഇത്തരം ഹീനമായ ആക്രമണങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സംഭവത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ വ്യക്തിഹത്യ നടത്തുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ അധഃപതനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പങ്കെടുത്ത വേദിയിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും ഇത് ഗൗരവകരമാണെന്നും സിപിഎം ആരോപിച്ചു. പ്രസംഗം വിവാദമായതോടെ തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും എങ്കിലും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ഇർഷാദ് ചക്കാലശ്ശേരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *