മിസൈൽ ആക്രമണം: ഇസ്രായേലും ഇറാനും വ്യോമപാത അടച്ചു; വിമാനങ്ങൾ തിരിച്ചുവിട്ടു

ടെൽ അവീവ്/ടെഹ്‌റാൻ: ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ അതീവ ജാഗ്രത. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇസ്രായേൽ, ഇറാൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചു.

ഇറാന്റെ ആക്രമണം ആരംഭിച്ചതോടെ സുരക്ഷാ കാരണങ്ങളാൽ ഇസ്രായേൽ വ്യോമപാത പൂർണ്ണമായും അടച്ചു. ഇതിന് പിന്നാലെ അയൽരാജ്യങ്ങളായ ഇറാഖും ജോർദാനും വിമാന സർവീസുകൾ നിർത്തിവെച്ചു. ഇറാനും തങ്ങളുടെ വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.മിസൈൽ ആക്രമണ സമയത്ത് ആകാശത്തുണ്ടായിരുന്ന നിരവധി അന്താരാഷ്ട്ര വിമാനങ്ങൾ സുരക്ഷിത ഇടങ്ങളിലേക്ക് തിരിച്ചുവിട്ടു. ദുബായ്, ദോഹ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ പലതും മറ്റു റൂട്ടുകളിലൂടെയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ളവരുൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ഈ മേഖലയിലൂടെയുള്ള തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ റൂട്ട് മാറ്റുകയോ ചെയ്തിട്ടുണ്ട്.

ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതോടെ മേഖലയിൽ യുദ്ധഭീതി വർധിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ വ്യോമപാതകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതടക്കമുള്ള നടപടികളുമായി ലോകരാഷ്ട്രങ്ങൾ നീങ്ങുന്നതിനിടെയാണ് യാത്രാമേഖലയെ സ്തംഭിപ്പിച്ചുകൊണ്ടുള്ള ഈ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *