യുഎഇ വിമാനത്താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

അബുദാബി/ദുബായ്: മേഖലയിൽ നിലനിൽക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. മാർച്ച് ഒന്നിന് അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ ഒരു ഏഷ്യൻ വംശജനാണ് മരിച്ചത്. പരിക്കേറ്റ 11 പേർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.യുഎഇ ലക്ഷ്യമാക്കി ആകെ 137 മിസൈലുകളും 209 ഡ്രോണുകളുമാണ് തൊടുത്തുവിട്ടത്. ഇതിൽ 132 മിസൈലുകളെയും 195 ഡ്രോണുകളെയും യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തു.തകർക്കപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ കടലിലും ജനവാസ മേഖലകളിലും പതിച്ചിട്ടുണ്ട്. ഇത് ചിലയിടങ്ങളിൽ നാശനഷ്ടങ്ങൾക്ക് കാരണമായി.

വിമാനത്താവളങ്ങളിൽ അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *