മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി’; പശ്ചിമേഷ്യൻ യുദ്ധത്തിൽ പ്രത്യാശ പ്രകടിപ്പിച്ച് ഹസ്സൻ മിർസ

ദുബായ്: ഇറാനും ഇസ്രായേലും തമ്മിലുള്ള രൂക്ഷമായ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിന് സാധിക്കുമെന്ന് ഇന്ത്യയിലെ ആദ്യത്തെ യു.എ.ഇ അംബാസഡർ ഹസ്സൻ മിർസ അൽ സായിഗ്. ഇരുരാജ്യങ്ങളുമായും വ്യക്തിപരമായ സൗഹൃദവും മികച്ച നയതന്ത്ര ബന്ധവും പുലർത്തുന്ന മോദിക്ക് ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് അദ്ദേഹം പങ്കുവെച്ചത്. പശ്ചിമേഷ്യൻ മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“പ്രധാനമന്ത്രി മോദി ഇസ്രായേലിലും ഇറാനിലുമുള്ള തന്റെ കൗണ്ടർപാർട്ടുകളെ ഒന്ന് ഫോണിൽ വിളിച്ചാൽ ഈ പ്രശ്നം അവസാനിക്കും. അത്രമാത്രം സ്വാധീനം അദ്ദേഹത്തിന് ആ രാജ്യങ്ങളിലുണ്ട്,” ഹസ്സൻ മിർസ പറഞ്ഞു. യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾക്കും പൊതുസമൂഹത്തിനും ബിസിനസ് ഗ്രൂപ്പുകൾക്കും ഇടയിൽ മോദിക്ക് വലിയ ആദരവാണുള്ളത്. ഈ വിശ്വാസ്യത സമാധാന ചർച്ചകൾക്ക് വഴിതുറക്കാൻ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇ മണ്ണിലെ യുദ്ധസാഹചര്യങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചു. തങ്ങളുടെ മണ്ണിൽ ഇതര രാജ്യങ്ങൾ യുദ്ധം ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ ഒരു പക്ഷത്തുമില്ലെന്നും തങ്ങളുടെ പ്രദേശം ആർക്കും സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സമാധാനപരമായ അന്തരീക്ഷമാണ് മേഖലയ്ക്ക് ആവശ്യമെന്നും അതിനായി ഇന്ത്യയെപ്പോലൊരു വലിയ രാഷ്ട്രത്തിന്റെ സജീവമായ ഇടപെടൽ അത്യാവശ്യമാണെന്നും ഹസ്സൻ മിർസ ഓർമ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *