എപ്സ്റ്റീൻ ഫയലിൽ മോദിയുടെ പേരും; രാഷ്ട്രീയ പോര് മുറുകുന്നു

അമേരിക്കയിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പരാമർശിക്കപ്പെട്ടത് ഇന്ത്യയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ഒരു ഇമെയിൽ സന്ദേശത്തിലാണ് മോദിയെക്കുറിച്ചുള്ള പരാമർശമുള്ളത്. തന്റെ നിർദ്ദേശപ്രകാരമാണ് മോദി ഇസ്രയേൽ സന്ദർശിച്ചതെന്നും അമേരിക്കൻ പ്രസിഡന്റിന് വേണ്ടിയാണ് താൻ അത്തരമൊരു ഉപദേശം നൽകിയതെന്നും എപ്സ്റ്റീൻ അവകാശപ്പെടുന്നു. ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ, ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ ഉപദേശം പ്രധാനമന്ത്രി സ്വീകരിച്ചത് രാജ്യത്തിന് നാണക്കേടാണെന്നും ഇതിലൂടെ എന്ത് നേട്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.

എന്നാൽ ഈ റിപ്പോർട്ടുകളെ അത്യന്തം അവജ്ഞയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എപ്സ്റ്റീന്റെ പരാമർശങ്ങൾ വെറും ജല്പനങ്ങൾ മാത്രമാണെന്നും അതിൽ യാതൊരു വാസ്തവവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി 2017-ൽ ഇസ്രയേൽ സന്ദർശിച്ചു എന്നതിനപ്പുറം മറ്റൊരു യാഥാർത്ഥ്യവും ഇതിലില്ലെന്നും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഗൗരവമായി കാണുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *