തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം മത്സരമല്ല, ഒരു ഉത്സവമാണെന്ന് മോഹൻലാൽ. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മോഹൻലാൽ പറഞ്ഞു. കലാകാരൻ എന്ന നിലയിൽ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.
കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബോധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി കണ്ണൂർ.
വിജയികൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ സമ്മാനിച്ചു. 1028 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1023 പോയിന്റുകൾ നേടിയ തൃശൂർ രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
1013 പോയിന്റുകൾ നേടിയ പാലാക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർസെക്കന്ററി സ്കൂൾ ഒന്നാമതെത്തി. വൈകിട്ട് ആരംഭിച്ച സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി.ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു.സിയ ഫാത്തിമയ്ക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് അഭിനന്ദനം.കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട രോഗബാധിതയായ സിയ ഫാത്തിമയ്ക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച്എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.

