ടെഹ്‌റാൻ: അന്തരിച്ച ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്തബ ഖമനയിയെ (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ തലസ്ഥാനമായ ടെഹ്‌റാനിൽ കനത്ത പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
നഗരത്തിലെ എക്ബതാൻ മേഖലയിൽ വീടുകളുടെ ജനാലകളിലൂടെ സ്ത്രീകളടക്കമുള്ളവർ ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. ‘മുജ്തബയ്ക്ക് മരണം’ എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തുന്നത്.
ഇറാനിലെ വിപ്ലവ പാരമ്പര്യത്തിന് വിരുദ്ധമായി അധികാരം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിയുണ്ട്. 1979-ലെ വിപ്ലവത്തിന് ശേഷം രാജഭരണത്തിന് സമാനമായ കുടുംബവാഴ്ച ഇറാനിൽ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

